ഇനി കണ്ണുകൾ നിറയില്ല,​ അല്പം സ്പെഷ്യലാണ് ഈ ഉള്ളി !

Thursday 13 January 2022 1:31 AM IST

ലണ്ടൻ : ഉള്ളി അരിയുമ്പോൾ എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് കണ്ണുനീർ വരുന്നത്. അത് തടയാൻ എന്തെങ്കിലും വഴിയുണ്ടോ ? ഉണ്ടല്ലോ, കണ്ണുനീരിന് കാരണമാകാത്ത ഉള്ളി ! യു.കെയിലെ വെയ്റ്റ്‌റോസ് സൂപ്പർ മാർക്കറ്റ് ശൃംഖലയാണ് ഈ വ്യത്യസ്ത ഉള്ളി അവതരിപ്പിച്ചിരിക്കുന്നത്. ' സണിയൻസ് " എന്ന ബ്രാൻഡ് നാമത്തിലുള്ള ഇവ യു.എസിൽ വളർത്തിയെടുക്കുന്നതും കണ്ണിന് അസ്വസ്ഥതയുണ്ടാക്കാത്ത തരം ആദ്യത്തെ ഇനവുമാണ്.

ഉള്ളി ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇവ അനുയോജ്യമാണ്. സാധാരണ ഉള്ളിയുടെ മറ്റെല്ലാ ഗുണങ്ങളും ഇവയ്ക്കുണ്ട്. വെയ്റ്റ്‌റോസിന്റെ തിരഞ്ഞെടുത്ത സ്റ്റോറുകളിലും ഓൺലൈനിലൂടെയും ജനുവരി 18 മുതലാണ് ഇവ പൊതുജനങ്ങൾക്ക് ലഭ്യമാവുക. വിവിധയിനം ഉള്ളികളിലെ ക്രോസ് ബ്രീഡിംഗിലൂടെയാണ് ഇവ വികസിപ്പിച്ചിരിക്കുന്നത്. ഉള്ളി അരിയുമ്പോൾ നമ്മുടെ കണ്ണുകളിൽ സൾഫെനിക് ആസിഡ് രൂപപ്പെടുന്നതാണ് അസ്വസ്ഥതകൾക്കിടയാക്കുന്നത്. ഉള്ളി സിൻ - പ്രൊപ്പനെതിയൽ എസ് - ഓക്സൈഡ് എന്ന രാസവസ്തു പുറപ്പെടുവിക്കുകയും ഇത് നമ്മുടെ കണ്ണിലെ ഗ്രന്ഥികളെ ഉത്തേജിപ്പിച്ച് കണ്ണുനീർ പുറത്തുവരാൻ കാരണമാവുകയും ചെയ്യുന്നു. എന്നാൽ ഈ പ്രക്രിയ കണ്ണിന് ഹാനികരമാകുന്നില്ല.

Advertisement
Advertisement