ആർ.ടി.ഒ ,വനം വകുപ്പ് ചെക്ക് പോസ്റ്റുകൾ അടുത്തടുത്ത്; 'പിരിച്ചുനൽകാൻ' ഏജന്റുമാർ

Thursday 13 January 2022 12:16 AM IST
കാസർകോട് വിജിലൻസ് ഡിവൈ. എസ് .പി കെ. വി വേണുഗോപാലനും സംഘവും തലപ്പാടി അതിർത്തിയിലെ ആർ ടി ഒ ചെക്ക് പോസ്റ്റിൽ മിന്നൽ പരിശോധന നടത്തിയപ്പോൾ

വിജിലൻസ് സംഘത്തിന്റെ മിന്നൽ റെയ്ഡിൽ കുടുങ്ങി

കാസർകോട്: കേരള -കർണ്ണാടക അതിർത്തിയിലെ തലപ്പാടി മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ കാസർകോട് വിജിലൻസ് ഡിവൈ. എസ്. പി കെ. വി വേണുഗോപാലനും സംഘവും നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് വനംവകുപ്പ് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥന്മാരുമൊത്തുള്ള പണപ്പിരിവ് സംബന്ധിച്ച വിവരങ്ങൾ. നേരിട്ട് പണം സ്വീകരിക്കാതെ ഏജന്റുമാരെ വച്ച് പിരിവ് നടത്തുന്നതായും വിജിലൻസ് സംഘം കണ്ടെത്തി.

ഇന്നലെ നടത്തിയ റെയ്ഡിൽ ഒരു ഏജന്റിന്റെ കൈയിൽനിന്ന് 16280 രൂപ വിജിലൻസ് പിടിച്ചെടുത്തു. ആർ.ടി.എ ചെക്ക് പോസ്റ്റിൽ നിന്ന് കണക്കിൽപ്പെടാത്ത 2000 രൂപയും കണ്ടെടുത്തു.ഡിവൈ. എസ്. പി വേണുഗോപാലിനെ കൂടാതെ ഹാർബർ എഞ്ചിനിയറിംഗ് വകപ്പിലെ ഡിവിഷണൽ അക്കൗണ്ടന്റ് കെ.പി പ്രേംജിത് എ. എസ്.ഐമാരായ കെ.രാധാകൃഷ്ണൻ, വി.എം മധുസൂദനൻ, വി.ടി സുഭാഷ് ചന്ദ്രൻ, എസ്.സി. പി. ഒ മാരായ വി. രാജീവൻ, കെ. വി രതീഷ് എന്നിവരുമുണ്ടായിരുന്നു.

കണ്ടെത്തിയത് വനംവകുപ്പുമൊത്തുള്ള കൂട്ടുകൃഷി

രണ്ടു വകുപ്പുകളുടെയും ചെക്ക് പോസ്റ്റുകൾ സ്ഥിതി ചെയ്യുന്നത് അടുത്തടുത്താണ്. മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ ഇടയ്ക്കിടെ വിജിലൻസ് എത്തുന്നതിനാൽ പണപ്പിരിവ് നടത്തുന്ന ഏജന്റുമാർ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റിന്റെ സംരക്ഷണത്തിലാണ്. പിരിച്ചെടുത്ത പണം ഇരുചെക്കുപോസ്റ്റുകളിലെയും ഉദ്യോഗസ്ഥർക്ക് കൈമാറുകയാണ് ഏജന്റുമാർ ചെയ്യുന്നത്. കൂട്ടത്തിൽ വനംവകുപ്പ് ചെക്ക്പോസ്റ്റിന് കാര്യമായ ജോലിയില്ലാത്തതും പിരിവിന് സഹായമാകുന്നുവെന്ന് വിജിലൻസ് കണ്ടെത്തി.

Advertisement
Advertisement