കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു, പ്രതിദിന കേസുകൾ രണ്ടരലക്ഷത്തിലേക്ക്; പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

Thursday 13 January 2022 6:50 AM IST

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ രണ്ടര ലക്ഷത്തിലേക്ക്. കഴിഞ്ഞ ദിവസത്തേക്കാൾ അരലക്ഷത്തിന്റെ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച 1,94,720 പേർക്കായിരുന്നു വൈറസ് ബാധ സ്ഥിരീകരിച്ചത്.

മേയ് 26ന് ശേഷം ആദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. വൈകിട്ട് നാലരയ്ക്കാണ് യോഗം. ഇതിൽ ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യം വിലയിരുത്തും.

അതേസമയം കേരളത്തിൽ സ്ഥിതി അതീവ ഗുരുതരമാകുകയാണ്. രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേരും. യോഗത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കും. സ്‌കൂൾ, ഓഫീസ് പ്രവർത്തനങ്ങളിൽ നിയന്ത്രണം വേണമെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്.