തളരാതെ, പതറാതെ, വിജയമായി മാളവിക

Friday 14 January 2022 1:03 AM IST

ബംഗളൂരു: വൻ സാമ്പത്തിക നഷ്ടം കാരണമാണ് ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഖലയായ കഫേ കോഫി ഡേയുടെ ഉടമയായിരുന്ന വി.ജി. സിദ്ധാർത്ഥ ആത്മഹത്യ ചെയ്യുന്നത്. പിന്നീട് കഫേ കോഫി ഡേയെ ഉന്നതിയിലെത്തിക്കുക എന്ന ദൗത്യം സിദ്ധാർത്ഥയുടെ ഭാര്യയായ മാളവികയുടേതായി.

ഭർത്താവിന്റെ മരണത്തിൽ വിറങ്ങലിച്ചു പോയ മാളവിക എങ്ങനെ കമ്പനിയെ രക്ഷപ്പെടുത്തുമെന്ന് പലരും സംശയം പ്രകടിപ്പിച്ചു. എന്നാൽ, 2020 ഡിസംബറിൽ കഫേ കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡിന്റെ സി.ഇ.ഒ സ്ഥാനം ഏറ്റെടുത്തത് മുതൽ കമ്പനിയുടെ വളർച്ചയ്ക്കായി അവർ അഹോരാത്രം പ്രയ്തിനിച്ചു. 2019ൽ കോഫി ഡേയ്ക്ക് 7,000 കോടി രൂപയിലധികം കടമുണ്ടായിരുന്നു. 2021 മാർച്ച് 31 ആയപ്പോൾ കമ്പനിയുടെ കടം വെറും 1731 കോടി രൂപയായി കുറഞ്ഞെന്ന് വാർഷിക റിപ്പോർട്ടിൽ പറയുന്നു.

 ഉയർത്തെഴുന്നേറ്റ ഫീനിക്സ് പക്ഷി

2019 മാർച്ച് 31ന് ബാദ്ധ്യത 7200 കോടി രൂപയായിരുന്നു. 2020ൽ ഇത് 3100 കോടി രൂപയായി. 2021 മാർച്ച് 31 ആയപ്പോഴേക്കും ഈ ബാധ്യത 1731 കോടിയിലെത്തി.കടം കുറച്ചതിന് ശേഷം സ്ഥാപനത്തെ ട്രാക്കിലേക്ക് തിരികെ കൊണ്ടുവരാൻ മാനേജ്‌മെന്റ് വർദ്ധിപ്പിക്കാൻ മാളവിക തയ്യാറായില്ല.

കടബാദ്ധ്യതയില്ലാതെ കഫേ കോഫി ഡേയെ കോടികളുടെ മൂല്യമുള്ള കമ്പനിയാക്കുകയാണ് മാളവികയുടെ ലക്ഷ്യം. രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും കോഫി ഡേ ഷോപ്പുകൾ തുറക്കുക എന്നത് മാളവികയുടെ സ്വപ്നമാണ്.

കൊവിഡ് പ്രതിസന്ധികൾക്കിടയിൽ നിക്ഷേപകരെ കണ്ടെത്തി കമ്പനിയിലേക്ക് കൂടുതൽ മൂലധനം എത്തിക്കാൻ മാളവികയ്ക്ക് സാധിച്ചു. നിലവിൽ കഫേ കോഫിഡേയ്ക്ക് രാജ്യത്തുടനീളം 572 കഫേകൾ സ്വന്തമായുണ്ട്. 333 കിയോസ്‌കുകളും പ്രവർത്തിക്കുന്നു. 36,000 ത്തോളം കോഫി വെൻഡിംഗ് മെഷീനുകളും വിതരണം ചെയ്തു.

 മാളവിക ഹെഗ്ഡേ

1969ൽ ബംഗളൂരുവിൽ ജനനം.

 മുൻ കർണാടക മുഖ്യമന്ത്രി എസ്.എം.കൃഷ്ണയുടെ മകൾ

 ബംഗളൂരു സർവകലാശാലയിൽ നിന്ന് എൻജിനിയറിംഗ് പൂർത്തിയാക്കി

 1991ൽ വിവാഹം

 ഇഷാൻ, അമർത്യ എന്നിങ്ങനെ രണ്ടു മക്കളുണ്ട്.

 കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ.ശിവകുമാറിന്റെ മകൾ ഐശ്വര്യയെയാണ് അമർത്യ വിവാഹം കഴിച്ചിരിക്കുന്നത്.

 കമ്പനിയുടെ നോൺ ബോർഡ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.

വെല്ലുവിളികൾ വർദ്ധിച്ചു. സിദ്ധാർത്ഥയുടെ അഭിമാന പാരമ്പര്യം ഉയർത്തിപ്പിടിക്കുക എന്നതായിരുന്നു എന്റെ ദൗത്യം.

മാളവിക

Advertisement
Advertisement