സി.പി.ഐയുടേത് നിരുത്തരവാദ സമീപനമെന്ന് വിമർശനം

Friday 14 January 2022 12:00 AM IST

കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശന വേളയില്‍, മുന്നണി മര്യാദ പാലിക്കുന്നതില്‍ സി.പി.ഐയുടെ ഭാഗത്തു നിന്നുണ്ടായതു നിരുത്തരവാദ സമീപനമെന്ന് സി.പി.എം. റിപ്പോര്‍ട്ട്. മുന്നണിയുടെ കെട്ടുറപ്പിനു ചേരുന്നതായിരുന്നില്ല സി.പി.ഐയുടെ പ്രവര്‍ത്തനങ്ങള്‍. സീറ്റ് വിഭജന ചര്‍ച്ചയില്‍ ഉള്‍പ്പെടെ സി.പി.ഐ. അപക്വമായ നിലപാടാണ് സ്വീകരിച്ചതെന്നും ജില്ലാ സെക്രട്ടറി എ. വി.റസല്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ജില്ലയില്‍ ഒമ്പതു മണ്ഡലങ്ങളിലും മുന്നേറ്റമുണ്ടാക്കാന്‍ കേരളാ കോണ്‍ഗ്രസിന്റെ വരവ് ഗുണം ചെയ്തു. പാലാ, കടുത്തുരുത്തി നിയമസഭാ മണ്ഡലങ്ങളിലെ തോല്‍വിയില്‍ ഏരിയാ കമ്മിറ്റികള്‍ക്കു ജാഗ്രതക്കുറവുണ്ടായി. ഈ രണ്ടു കമ്മിറ്റികള്‍ക്കെതിരേയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. തുടര്‍ന്നു നടന്ന പ്രതിനിധി ചര്‍ച്ചയില്‍ പൊലീസിനെതിരേ അതിരൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. പൊലീസിന്റെ ചില പ്രവൃത്തികള്‍ സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചതായി അയര്‍ക്കുന്നം, ചങ്ങനാശേരി, തലയോലപ്പറമ്പ് ഏരിയാകളില്‍ നിന്നുള്ള പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു നടന്ന മെഗാ തിരുവാതിരയും വിമര്‍ശന വിഷയമായി. പാര്‍ട്ടിയുടെ അച്ചടക്കത്തിനു ചേരാത്തതായിരുന്നു പരിപാടിയെന്നായിരുന്നു വിമര്‍ശനം.

 പൊലീസിന്റെ ചില പ്രവൃത്തികള്‍ പ്രതിഛായയെ ബാധിച്ചു.

 മെഗാ തിരുവാതിര പാര്‍ട്ടി അച്ചടക്കത്തിനു ചേരാത്തത്

 പാലാ, കടുത്തുരുത്തി ഏരിയാ കമ്മിറ്റിക്ക് ജാഗ്രതക്കുറവ്

Advertisement
Advertisement