കെ -റെയിൽ സംസ്ഥാന വികസനത്തിന്റെ നാഴികക്കല്ലാകും: മന്ത്രി സജി ചെറിയാൻ

Friday 14 January 2022 12:00 AM IST

ആലപ്പുഴ: കെ - റെയിൽ പദ്ധതി സംസ്ഥാന വികസനത്തിന്റെ നാഴികക്കല്ലാകുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ സംഘടിപ്പിച്ച ജനസമക്ഷം കെ -റെയിൽ പരിപാടിയിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി നടപ്പായില്ലെങ്കിൽ ഭാവി തലമുറ ഇരുളടഞ്ഞുപോകും. യാത്രാ സമയലാഭത്തിനൊപ്പം ടൂറിസം, ഐ.ടി, ഫിഷറീസ്, സാംസ്‌കാരിക മേഖലകളിൽ മുന്നേറ്റമുണ്ടാകും. ജനങ്ങളെ വസ്തുതകൾ ബോദ്ധ്യപ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ചെങ്ങന്നൂരിലെ കെ - റെയിൽ സ്‌റ്റേഷൻ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ വികസനത്തിന് കരുത്തേകും. നെൽവയലുകളും തണ്ണീർത്തടങ്ങളും നശിക്കുമെന്നും നാടിനെ രണ്ടായി വിഭജിക്കുന്നതിനും വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നുമുള്ള പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണ്.

പദ്ധതി ഒരിടത്തും വനമേഖലയിലൂടെ കടന്നുപോകുന്നില്ല. പദ്ധതിയിലൂടെ പ്രതിവർഷം 530 കോടി രൂപയുടെ ഇന്ധന ലാഭമുണ്ടാകും. നിർമ്മാണ വേളയിൽ 50,000 പേർക്കും പ്രവർത്തന ഘട്ടത്തിൽ 11,000 പേർക്കും തൊഴിൽ ലഭിക്കും. 50 വർഷത്തെ ഗതാഗത പ്രതിസന്ധിക്ക് പരിഹാരമാകുന്നതാണ് പദ്ധതി. ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് പാത കടന്നു പോകുന്നത്.

ആറുവരി ദേശീയപാതയേക്കാൾ കുറഞ്ഞ ഭൂമി മതി കെ - റെയിലിന്. നിർമ്മാണ സാമഗ്രികൾ കേരളത്തിന് പുറത്തുനിന്ന് എത്തിക്കാനും കഴിയും. ഭൂമി വിട്ടുനൽകുന്നവർക്ക് മാർക്കറ്റ് വിലയുടെ നാലിരട്ടി നൽകും. വേഗതയേറിയ യാത്രാ സംവിധാനം ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ജനസമക്ഷം പരിപാടിയിൽ പങ്കെടുത്തവർ കെ - റെയിൽ ലൈൻ കടന്നുപോകുന്ന പഞ്ചായത്തുകളിലെ ജനങ്ങളെ യാഥാർത്ഥ്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement