റോഡ് നിർമ്മാണത്തിൽ അഴിമതി; നാട്ടുകാർ റോഡ് പണി തടഞ്ഞു

Friday 14 January 2022 12:51 AM IST

വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്തിലെ തുരത്തിമൂല - കുടയാൽ റോഡ് നിർമ്മാണത്തിൽ അഴിമതി ആരോപിച്ച് നാട്ടുകാർ റോഡ് നിർമ്മാണം തടഞ്ഞു. ടാർ ഇട്ട ഉടൻ തന്നെ റോഡ് ഇളകിപ്പോകാൻ തുടങ്ങിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ നിർമ്മാണ പ്രവർത്തനം തടഞ്ഞത്.

പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നാലര കിലോമീറ്റർ റോഡിന് നാലുകോടി രൂപയാണ് അനുവദിച്ചത്. റോഡ് നിർമ്മാണം ആരംഭിച്ചപ്പോൾത്തന്നെ ശരിയായ രീതിയിലല്ല നിർമ്മാണ പ്രവർത്തനമെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. എന്നാൽ അധികൃതർ തിരിഞ്ഞുനോക്കിയില്ല. ഏതാനും ദിവസമായി ടാർ ഇടാൻ തുടങ്ങിയിട്ട്, ടാർ ഇട്ട ഭാഗങ്ങൾ ഇളകിയതാണ് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയത്.

കരാറുകാരനോട് ശരിയായ രീതിയിൽ റോഡ് നിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. ഇതിനിടയിൽ സംഘടിച്ചെത്തിയ നാട്ടുകാർ രാവിലെ റോഡ് നിർമ്മാണം തടഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വെള്ളറട പൊലീസ് സമരത്തിന് നേതൃത്വം നൽകിയ ഒരാളെ പൊലീസ് വാഹനത്തിൽ കയറ്റികൊണ്ടുപോകാൻ ശ്രമിച്ചു. ഇത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കി.

തുടർന്ന് ആളെയിറക്കിവിട്ട് പൊലീസ് പോയി. എന്നാൽ സമരക്കാർ പ്രതിഷേധം തുടർന്നു. റോഡ് നിർമ്മാണത്തിന് ചുമതലയുള്ള ഉദ്യോഗസ്ഥർ എത്തിയാൽ മാത്രമേ പിരിഞ്ഞുപോവൂവെന്ന നിലപാടിലായിരുന്നു ഇവർ. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിച്ചു. തകർന്ന ഭാഗങ്ങളിൽ ഗുണനിലവാര പരിശോധന നടത്തിയശേഷം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയാൽ മതിയെന്ന് ഉദ്യോഗസ്ഥർ കരാറുകാരന് നിർദ്ദേശം നൽകിയതിനെ തുടർന്ന് സമരക്കാർ പിരിഞ്ഞുപോയി.

Advertisement
Advertisement