നിയന്ത്രണങ്ങൾ അതികഠിനം, കൊവിഡ് രോഗികൾ മെറ്റൽ ബോക്സുകളിൽ

Friday 14 January 2022 2:08 AM IST

ബീജിംഗ് : ചൈനയിൽ കൊവിഡ് ബാധിതരെ ചെറു മെറ്റൽ ബോക്സുകളിൽ കുറഞ്ഞത് 21 ദിവസം നിർബന്ധിച്ച് ക്വാറന്റൈൻ ചെയ്യുന്നതായി റിപ്പോർട്ട്. ഗർഭിണികൾ, കുട്ടികൾ, വൃദ്ധർ എന്നിവരെ ഉൾപ്പെടെ ഇളവുകൾ നൽകാതെ മെറ്റൽ ബോക്സുകളിൽ പാർപ്പിക്കുന്നതായാണ് വിവരം. തടികൊണ്ടുള്ള കിടക്ക, ടോയ്‌ലറ്റ് എന്നിവ ഓരോ മെറ്റൽ ബോക്സിലുമുണ്ട്. ഒരു നിശ്ചിത പ്രദേശത്ത് ഒരാളിൽ മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെങ്കിലും അയാളെയും രണ്ടാഴ്ച നിർബന്ധമായും ഈ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ പാർപ്പിക്കുന്നു.

പല ജില്ലകളിലുള്ളവരോടും അർദ്ധരാത്രിയ്ക്ക് ശേഷം വീട് വിട്ട് ഈ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദ്ദേശിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെയും മറ്റും ചൈനയിലെ മെറ്റൽ ബോക്സുകളുടെ വീഡിയോയും ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കൊവിഡ് വ്യാപനം തടയാൻ കർശന ലോക്ക്ഡൗണുകളാണ് ചൈന ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത്. രോഗം റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ വൻ തോതിൽ പരിശോധനകളും നടത്തുന്നുണ്ട്. കൊവിഡ് രോഗിയുടെ സമ്പർക്ക പട്ടികയിലുള്ള ഹൈ റിസ്ക് കോണ്ടാക്ട് വ്യക്തികൾക്ക് അവർ താമസിക്കുന്ന കെട്ടിടത്തിന് പുറത്തിറങ്ങാൻ അനുമതിയില്ല. രോഗികളെയും രോഗലക്ഷണങ്ങളുള്ളവരെയും നിരീക്ഷിക്കാൻ പ്രത്യേക ആപ്പുണ്ട്.

ഷിയാൻ, ടിയാൻജിൻ എന്നിവയ്ക്ക് പിന്നാലെ അന്യാംഗ് നഗരത്തിലും ചൈനീസ് ഭരണകൂടം ലോക്ക്ഡൗൺ ഏർപ്പെടുത്തി. രോഗ വ്യാപനം തടയാൻ ഏകദേശം 20 ദശലക്ഷത്തിലേറെ പേർ വീടുകൾക്കുള്ളിൽ കഴിയുകയാണ്.

Advertisement
Advertisement