പ്രതിദിന രോഗികൾ 2.64 ലക്ഷം കടന്നു; രാജ്യത്ത് കൊവിഡ് കുതിച്ചുയരുന്നു
ന്യൂഡൽഹി : ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ മൂലമുള്ള അതിവ്യാപനത്തെ തുടർന്ന് രാജ്യത്തെ കൊവിഡ് പ്രതിദിന വർദ്ധനവ് രണ്ടര ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് ആകെ 2.64 ലക്ഷം കേസുകളും 315 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
ഏറ്റവും കൂടുൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 46000 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ 28,867 പുതിയ കേസുകളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഡെൽറ്റ തരംഗത്തിൽ ഡൽഹിയിൽ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്‌തത് ഇന്നലെയാണ്. 29.2% ആണ് പോസിറ്റിവിറ്റി നിരക്ക്. മരണത്തിൽ ചെറിയ കുറവ് സംഭവിച്ചിട്ടുണ്ട്. ബുധനാഴ്ച നാൽപ്പതും കഴിഞ്ഞ ദിവസം മുപ്പത്തിയേഴുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പശ്ചിമബംഗാളിലും രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. 32.13 ആണ് പോസിറ്റിവിറ്റി നിരക്ക്. കേരളം, തമിഴ്‌നാട്, ഉത്തർപ്രദേശ്, ഹരിയാന, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലും കേസുകൾ ഉയരുന്നുണ്ട്.
അതേസമയം, കേസുകൾ ഉയർന്നു നിൽക്കുമ്പോഴും രാജ്യം പൂർണമായും അടച്ചിടലിലേക്ക് പോകില്ലെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. വാക്‌സിനാണ് വൈറസിനെ തടയാനുള്ള പ്രധാന ആയുധമെന്നും പ്രാദേശികമായി കൊവിഡിനെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.