'അവരെ ഇല്ലാതാക്കിയിട്ടേ വിശ്രമിക്കൂ'; ആർഎസിനെയും ബിജെപിയെയും യുപിയിൽ തുടച്ചുനീക്കുമെന്ന് സ്വാമി പ്രസാദ് മൗര്യ

Friday 14 January 2022 1:01 PM IST

ലക്‌നൗ: ബിജെപിക്കും ആർഎസ്‌എസിനുമെതിരെ ശക്തമായ വിമർശനമവുമായി യോഗി മന്ത്രിസഭയിൽ നിന്നും രാജിവച്ച സ്വാമി പ്രസാദ് മൗര്യ. സമാജ്‌വാദി പാർട്ടിയിലേക്ക് പോകുന്നതിനാണ് സ്വാമി പ്രസാദ് മൗര്യ മന്ത്രിസ്ഥാനം രാജിവച്ചത്. അദ്ദേഹത്തിനൊപ്പം മറ്റ് രണ്ട് എംഎൽഎമാരും പാർട്ടി വിട്ടത് ബിജെപിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു.

ഉത്തർപ്രദേശിലെ പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ വലിയ സ്വാധീനമുള‌ള നേതാവായാണ് സ്വാമി പ്രസാദ് മൗര്യയെ കണക്കാക്കുന്നത്. 'നാഗത്തെപോലെയുള‌ള ആർ‌എസ്‌എസിനും പാമ്പിനെപ്പോലെയുള‌ള ബിജെപിക്കും എതിരെ തളരാതെ പോരാടുന്ന കീരിയെപ്പോലെയാണ് സ്വാമി പ്രസാദ് മൗര്യ. ഇവരെ ഇല്ലാതാക്കിയേ വിശ്രമിക്കൂ.' മൗര്യ ഹിന്ദിയിൽ ട്വി‌റ്ററിൽ കുറിച്ചു.

യോഗി മന്ത്രിസഭയിൽ തൊഴിൽ സഹകരണ ചുമതലയുള‌ള ക്യാബിനറ്റ് മന്ത്രിയായിരുന്നു മൗര്യ. ബിജെപിയുടെ പാർശ്വവൽക്കരിക്കപ്പെട്ടവരോടും ദളിതരോടുമുള‌ള അവഗണനയിൽ പ്രതിഷേധിച്ചാണ് താൻ രാജിവയ്‌ക്കുന്നതെന്നായിരുന്നു സ്വാമി മുൻപ് വ്യക്തമാക്കിയത്.

മുൻപ് മായാവതിയുടെ ബിഎസ്‌പിയിൽ അംഗമായിരിക്കെയാണ് മൗര്യ 2016ൽ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. മകൻ ഉത്‌കർഷിന് ബിജെപി സീ‌റ്റ് നിഷേധിച്ചതാണ് പാർട്ടി വിടാൻ ഇപ്പോൾ കാരണമായതെന്നാണ് ബിജെപി വൃത്തങ്ങൾ ആരോപിക്കുന്നത്. ഇതിനിടെ ബിജെപിയിൽ നിന്നും പുറത്തുവന്നതിന് പിന്നാലെ 2014ൽ മൗര്യ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലെ കേസിൽ അദ്ദേഹത്തിനെതിരെ അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ചു. സുൽത്താൻപൂർ കോടതിയിൽ ഇതുസംബന്ധിച്ച കേസിൽ ഹാജരാകാത്തതുകൊണ്ടാണ് കോടതി നിർദ്ദേശപ്രകാരം വാറന്റ് പുറപ്പെടുവിച്ചത്.