സി.പി.എമ്മുകാർക്ക് നേരെ ആക്രമണം: പൊലീസെത്തിയപ്പോൾ അഞ്ച് ബൈക്കുകൾ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു

Wednesday 24 April 2019 2:24 PM IST

അമ്പലപ്പുഴ: അമ്പലപ്പുഴയിലെ സി.പി.എം ഓഫീസിലേക്ക് ബൂത്തിലെ വോട്ടിംഗ് വിവരം നൽകാൻ രാത്രിയിൽ ബൈക്കിൽ വരികയായിരുന്ന സി.പി.എം പ്രവർത്തകരായ കരുമാടി സ്വദേശികളായ പ്രജോഷ് കുമാർ (30), ജെൽസൺ (33) എന്നിവരെ ബൈക്കിൽ പിന്തുടർന്നെത്തിയ പത്തോളം പേരടങ്ങുന്ന സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്തോടെ ഞൊണ്ടിമുക്കിലായിരുന്നു സംഭവം. അഞ്ച് ബൈക്കുകളിലാണ് സംഘമെത്തിയത്. തലയ്ക്കും കാലിനുമാണ് പരിക്ക്. ആക്രമണം നടത്തിയ ശേഷം ആളൊഴിഞ്ഞ പുരയിടത്തിൽ നിൽക്കുകയായിരുന്ന പ്രതികൾ അമ്പലപ്പുഴ പൊലീസ് വരുന്നത് കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ആർ.എസ്.എസ് പ്രവർത്തകരാണ് വെട്ടിയതെന്ന് പരിക്കേറ്റവർ പൊലീസിന് മൊഴി നൽകി. ബൈക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി.