നാലുമാസത്തിനുള്ളിൽ ജില്ലാ ആശുപത്രിയിൽ എത്തിയത് എട്ടുപേർ മാത്രം വൃക്ക രോഗികൾക്ക് വേണ്ട പെരിട്ടോണിയം ഡയാലിസിസ്

Friday 14 January 2022 9:37 PM IST

കണ്ണൂർ:സ്വയം വീടുകളിൽ തന്നെ ചെയ്യാവുന്ന പെരിട്ടോണിയൽ ഡയാലിസിസ് സൗകര്യം ഉപയോഗപ്പെടുത്താൻ വൃക്കരോഗികൾക്ക് വിമുഖത. നാലുമാസം മുമ്പ് ഇതിനാവശ്യമായ ശസ്ത്രക്രിയ കണ്ണൂർ ജില്ലാ ആശുപത്രിയിൽ തുടങ്ങിയെങ്കിലും സൗകര്യം തിരഞ്ഞെടുത്തത് എട്ടുപേർ മാത്രം.

വൃക്ക രോഗികൾക്ക് എളുപ്പത്തിൽ ആശ്രയിക്കാവുന്നതാണ് പെരിട്ടോണിയൽ ഡയാലിസിസ്. ചെറിയ ശസ്ത്രക്രിയയിലൂടെ വയറിലെ പെരിട്ടോണിയത്തിൽ കത്തീറ്റർ സ്ഥാപിച്ച് സ്വയം ഡയാലിസിസ് ചെയ്യുന്നതാണ് ഇതിന്റെ പ്രവർത്തനം. ആശുപത്രിയിൽ നിന്ന് ചെയ്യുന്ന ഹീമോ ഡയാലിസിസിൽ രക്തം മെഷീനിലേക്ക് മാറ്റി ശുദ്ധീകരിച്ച് തിരിച്ച് ശരീരത്തിലേക്ക് കയറ്റുകയാണ് ചെയ്യുക. നാലു മണിക്കൂറോളം കിടന്നാണ് ഡയാലിസിസ് ചെയ്യുന്നത്. പെരിട്ടോണിയൽ ഡയാലിസിസിൽ വയറ്റിൽ ഘടിപ്പിക്കുന്ന ട്യൂബും സ്റ്റാൻഡും പെരിട്ടോണിയൽ ഫ്‌ളൂയിഡ് ബാഗുമാണ് ആവശ്യം. പത്ത് മിനിറ്റ് കിടന്ന് ഫ്‌ളൂയിഡ് വയറ്റിലേക്ക് കയറ്റിയതിനുശേഷം ട്യൂബ് വിഛേദിക്കാം. നടക്കുകയോ ഇരിക്കുകയോ അങ്ങനെ എന്തും ചെയ്യാം.
നാലുമണിക്കൂറിനുശേഷം വീണ്ടും ട്യൂബ് ഘടിപ്പിച്ച് ഫ്‌ളൂയിഡ് ബാഗിലേക്ക് മാറ്റും.


ഡയാലിസിന് കാത്ത് മുന്നൂറിലേറെ പേർ

ജില്ലാ ആശുപത്രിയിൽ ഡയാലിസിസിനായി മുന്നൂറോളം വൃക്കരോഗികളുണ്ട്. വൃക്ക രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ഇത് ഇനിയും വർദ്ധിക്കും. പെരിട്ടോണിയൽ ഡയാലിസിസിന് തയ്യാറായാൽ കൂടുതൽ പേർക്ക് ഡയാലിസിസ് കൂടുതൽ എളുപ്പത്തിൽ ചെയ്യാൻ കഴിയും. സ്വയം ഡയാലിസിസ് ചെയ്യുന്നതിനുള്ള പരിശീലനം ആശുപത്രിയിൽനിന്ന് നൽകും. ഇത്രയും സൗകര്യമുണ്ടായിട്ടും ആളുകൾ കൃത്യമായി ഇത് മനസിലാക്കുന്നില്ലെന്ന് ഡോക്ടർന്മാർ പറഞ്ഞു. കോഴിക്കോട് ജില്ലയിൽ 500ഓളം രോഗികൾ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്.

കണ്ണൂർ ജില്ലാ ആശുപത്രിയിൽ നെഫ്രോളജിസ്റ്റ് ഡോ. രോഹിത് രാജിന്റെ നേതൃത്വത്തിലാണ് യൂണിറ്റിന്റെ പ്രവർത്തനം.

പെരിട്ടോണിയം

ഉദരത്തിനുള്ളിലെ അവയവങ്ങളെ ആവരണം ചെയ്യുന്ന നേർത്ത സ്തരമാണ് പെരിട്ടോണിയം. രക്തത്തിലെ അമിതജലാംശവും ലവണങ്ങളുമെല്ലാം ആഗിരണം ചെയ്യാനും പുറന്തള്ളാനുമുള്ള ഇവയുടെ കഴിവാണ് പെരിട്ടോണിയൽ ഡയാലിസിസിൽ പ്രയോജനപ്പെടുത്തുന്നത്. ഉദരത്തിൽ സ്ഥാപിച്ച കത്തീറ്ററിലൂടെ പെരിട്ടോണിയൽ കാവിറ്റിയിലേക്ക് 12 ലിറ്റർ ഡയലൈസേറ്റ് എന്ന പ്രത്യേക ദ്രാവകം കടത്തിവിട്ട് 30 മിനുട്ടിന് ശേഷം തിരിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഈ സമയത്തിനിടെ പെരിട്ടോണിയൽ കാവിറ്റിയെ വലയം ചെയ്യുന്ന ധമനികളിലും സിരകളിലും കൂടി ഒഴുകുന്ന രക്തത്തിലെ മാലിന്യങ്ങളും അമിത ജലാംശവുമൊക്കെ ഡയലൈസേറ്റിലേക്ക് പ്രവേശിക്കും.

ആശുപത്രിയിൽ എത്തേണ്ടത് കത്തീറ്റർ ശരീരത്തിൽ സ്ഥാപിക്കാൻ മാത്രം

പെരിട്ടോണിയൽ ഡയാലിസിസിൽ കിടക്കേണ്ടത് പത്തുമിനിറ്റ്

ദിവസേന രണ്ടുതവണ ചെയ്യുന്നതിനാൽ രക്തത്തിലെ മാലിന്യങ്ങൾ നന്നായി നീങ്ങും

രോഗിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെടും

ചെറിയ ശസ്ത്രക്രിയയിലൂടെ വയറിലെ പെരിട്ടോണിയത്തിൽ കത്തീറ്റർ സ്ഥാപിച്ച് സ്വയം ഡയാലിസിസ് ചെയ്യുന്നതാണ് ഇതിന്റെ പ്രവർത്തനം.ഇൗ രീതി തിരഞ്ഞെടുത്താൽ വലിയൊരു ശതമാനം വൃക്ക രോഗികൾക്കും ആശുപത്രിയിൽ വരാതെ ഡയാലിസിസ് ചെയ്യാം.

നെഫ്രോളജിസ്റ്റ് ഡോ. രോഹിത് രാജ്, കണ്ണൂർ ജില്ലാ ആശുപത്രി

Advertisement
Advertisement