കേന്ദ്ര ബഡ്ജറ്റ് സമ്മേളനം 31 മുതൽ

Friday 14 January 2022 10:30 PM IST

ന്യൂഡൽഹി: പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനം ജന.31 മുതൽ ഏപ്രിൽ 8 വരെ നടക്കും. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിക്കും. 31ന് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യും. സമ്മേളനത്തിന്റെ ആദ്യഭാഗം ഫെബ്രുവരി11 ന് അവസാനിക്കും. രണ്ടാം ഭാഗം ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മാർച്ച് 14 മുതൽ ഏപ്രിൽ 8 വരെ നടക്കും. കൊവിഡ് വർദ്ധനവിനിടയിൽ നടക്കുന്ന സമ്മേളനത്തിൽ ലോകസഭ, രാജ്യസഭ സമയക്രമം, സാമൂഹിക അകലം പാലിച്ചുള്ള ഇരിപ്പട ക്രമീകരണങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ഉടൻ ചർച്ച നടത്തി തീരുമാനമെടുക്കും. ഈ മാസം അവസാനമാകുമ്പോഴുള്ള കൊവിഡ് വ്യാപന സാഹചര്യം നോക്കിയായിരിക്കും അന്തിമ തീരുമാനം. 25 ന് ലോക്സഭാ സ്പീക്കർ , രാജ്യസഭാ ചെയർമാൻ എന്നിവരുടെ നേതൃത്വത്തിൽ ചേരുന്ന യോഗങ്ങളിൽ അന്തിമ രൂപരേഖയുണ്ടാക്കും. ഇരുസഭകളിലെയും കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖർക്കും 400 ലധികം പാർലമെന്റ് ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 5 സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പുകളോടൊപ്പമാണ് ഇത്തവണ ബഡ്ജറ്റ് സമ്മേളനമെന്ന പ്രത്യേകതയുമുണ്ട്.

Advertisement
Advertisement