അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ തിരുനട 12 ദിനങ്ങൾ ഭക്തിസാന്ദ്രമാകും

Saturday 15 January 2022 12:00 AM IST

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പന്ത്രണ്ട് കളഭ മഹോത്സവത്തിനും ശങ്കരനാരായണ കലോത്സവത്തിനും ഇന്ന് തുടക്കമാകും. മകരം 1 മുതൽ 12 വരെയാണ് കളഭം. രാവിലെ 11 ഓടെ നടക്കുന്ന കളഭാഭിഷേകവും വൈകിട്ട് ദീപാരാധനയ്ക്ക് ശേഷമുള്ള വിളക്കാചാരവും അത്താഴ ശ്രീബലിക്ക് മുമ്പായി നടക്കുന്ന വിളക്കെഴുന്നള്ളിപ്പുമാണ് മുഖ്യ ചടങ്ങുകൾ.

ശുദ്ധമായ ചന്ദനം അരച്ചെടുത്ത് പനിനീർ, കുങ്കുമപ്പൂവ്, ഗോരോചനം, പച്ച കർപ്പൂരം തുടങ്ങിയവ ചേർത്ത് കളഭ കൂട്ടാക്കി സ്വർണ കുംഭത്തിൽ നിറച്ച് താന്ത്രിക പൂജകൾ ചെയ്താണ് അഭിഷേകം നടത്തുന്നത്. കളഭ ചാർത്ത് അണിഞ്ഞ് നിൽക്കുന്ന ഉണ്ണിക്കണ്ണനെ കണ്ട് ദർശന സായൂജ്യത്തിനായി നിരവധി ഭക്തരുമെത്തും. പന്ത്രണ്ട് ദിവസവും ക്ഷേത്രത്തിൽ ഭജനം പാർത്ത് ദർശന സായൂജ്യമടയുന്ന ഭക്തരും നിരവധിയാണ്. ഇതോടൊപ്പം ഭഗവത് സന്നിധിയിൽ നടക്കുന്ന കലാപരിപാടികൾ ആസ്വദിക്കാൻ കലാസ്വാദകരുമെത്തും. നാദസ്വര കുലപതിയായിരുന്ന അമ്പലപ്പുഴ സഹോദരന്മാരുടെ സ്മരണയെ മുൻനിറുത്തി ശങ്കരനാരായണ പണിക്കരുടെ പേരിൽ നടന്നുവരുന്ന കലോത്സവത്തിലും 10, 11, 12 കളഭ ദിവസങ്ങളിൽ നടക്കുന്ന ശങ്കരനാരായണ സംഗീതോത്സവത്തിലും പ്രശസ്ത കലാകാരന്മാരും ആദ്ധ്യാത്മിക ആചാര്യന്മാരും പങ്കെടുക്കും. ഇത്തവണ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് ചടങ്ങുകൾ ഒരുക്കിയിരിക്കുന്നത്.

Advertisement
Advertisement