രണ്ടാം പിണറായി സർക്കാർ അത്ര പോര,​ മുഖ്യമന്ത്രിയുടെ ഓഫീസ് പരാജയമെന്ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനവുമായി പ്രതിനിധികൾ

Saturday 15 January 2022 2:04 PM IST

തിരുവനന്തപുരം: സാധാരണ ജനങ്ങളുടെ പ്രതിനിധികളാണ് ഈ സർക്കാരെന്ന് ഓർമ്മിക്കണമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനവുമായി പ്രതിനിധികൾ. ചൈനയ്‌ക്ക് അനുകൂലമായി മുതിർന്ന പാർട്ടി അംഗങ്ങൾ പ്രസ്‌താവന നടത്തിയതിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും പ്രതിനിധികൾ ശക്തമായി വിമർശിച്ചു.

ഒന്നാം പിണറായി സർക്കാരിനെവച്ചുനോക്കുമ്പോൾ ഈ സർക്കാർ അത്ര പോരെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ജനങ്ങളുടെ ആവശ്യങ്ങൾക്കായി ചെല്ലുമ്പോൾ മാഫിയകൾക്ക് വേണ്ടി വന്നിരിക്കുന്നുവെന്ന് ഓഫീസിലെ ചിലർ പരിഹസിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് പരാജയമാണെന്നും അംഗങ്ങൾ വിമർശിച്ചു.

പാർട്ടി നയങ്ങളെയും കെടുകാര്യസ്ഥതയെയും ചോദ്യം ചെയ്‌ത ചില അംഗങ്ങൾ പാർട്ടി നേതാക്കളിൽ ചിലരുടെ ചൈന പ്രേമത്തെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. ഭീകരസംഘടനയായ താലിബാനെ ആദ്യം അംഗീകരിച്ച രാജ്യമാണ് ചൈന. കാലാവസ്ഥാ വ്യതിയാനത്തിന്റെ മുഖ്യവില്ലനായ ചൈന നടപ്പാക്കുന്ന സാമ്പത്തിക നയങ്ങൾ നോക്കിയാൽ കമ്മ്യൂണിസ്‌റ്റ് രാജ്യമെന്ന് എങ്ങനെ പറയുമെന്ന് പ്രതിനിധികൾ ചോദിച്ചു.

ആഭ്യന്തര വകുപ്പും ആരോഗ്യ വകുപ്പും പരാജയമാണെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. കെ റെയിൽ പദ്ധതി മുഖ്യമന്ത്രിയ്‌ക്കും മരുമരനും പണം തട്ടാനുള‌ളതാണെന്നും ഈ ആരോപണത്തെ നേരിടണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു.

കഴിഞ്ഞ ദിവസം പ്രതിനിധി സമ്മേളനത്തിൽ മുഖ്യമന്ത്രി തലസ്ഥാന ജില്ലയിലെ പാർട്ടിയെക്കുറിച്ച് ഗൗരവമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. എങ്ങനെയും പണമുണ്ടാക്കണം എന്ന ധാരണയാണ് ചില സഖാക്കൾക്കെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. എസ്.സി-എസ്.ടി ഫണ്ട് തട്ടിയെടുക്കാൻ ശ്രമിച്ചത് ഇതിന്റെ ഭാഗമാണെന്നും ഇത് വച്ചുപൊറുപ്പിക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.