ബി ജെ പിക്ക് വോട്ടുചെയ്യണം, അവർക്ക് കീഴിൽ മുസ്ലിങ്ങൾ കൂടുതൽ സുരക്ഷിതരും സന്തുഷ്ടരുമാണ്, ആഹ്വാനവുമായി മുസ്ലിം രാഷ്ട്രീയ മഞ്ച്
ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനവുമായി ആർ.എസ്.എസിന്റെ മുസ്ലിം വിഭാഗം. ബി.ജെ.പി ഭരണകാലത്താണ് മുസ്ലിങ്ങൾ ഏറ്റവും സുരക്ഷിതരും സന്തുഷ്ടരുമായതെന്ന് മുസ്ലിം രാഷ്ട്രീയ മഞ്ച് പുറത്തിറക്കിയ ലഘുലേഖയിൽ പറയുന്നു.
കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലുമുള്ള ബി.ജെ.പി സർക്കാരുകൾ മുസ്ലിങ്ങളുടെ ക്ഷേമത്തിനായി ചെയ്തതെന്ന് പറഞ്ഞുള്ള പദ്ധതികൾ വിവരിച്ചാണ് എം.ആർ.എമ്മിന്റെ ആഹ്വാനം. രാജ്യത്തെ മുസ്ലിം സമുദായത്തിന്റെ ഏറ്റവും വലിയ ഗുണകാംക്ഷിയാണ് ബി.ജെ.പിയെന്നും ലഘുലേഖയിൽ വ്യക്തമാക്കുന്നു.
നരേന്ദ്ര മോദി സർക്കാർ നയാ റോഷ്‌നി, നയാ സവേര, നയാ ഉഡാൻ, സീക്കോ ഔർ കമാവോ അടക്കം 2014 മുതൽ നിരവധി പദ്ധതികളാണ് മുസ്ലിങ്ങൾക്ക് വേണ്ടി ചെയ്തിട്ടുള്ളത്. 2014നുശേഷം മുസ്ലിങ്ങൾക്കെതിരായ സാമുദായിക ലഹളകളും കലാപങ്ങളുമെല്ലാം വളരെ കുറഞ്ഞുവെന്നും ലഘുലേഖയിൽ അവകാശപ്പെടുന്നു.
കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന പരിപാടിയിലാണ് ലഘുലേഖ പുറത്തിറക്കിയത്. എം.ആർ.എം സ്ഥാപകൻകൂടിയായ ഇന്ദ്രേഷ് കുമാറും ദേശീയ കൺവീനർ സയദ് സയീദും ചടങ്ങിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ, പഞ്ചാബ് എന്നിവിടങ്ങളിൽ ലഘുലേഖ വിതരണം ചെയ്യുമെന്ന് നേതാക്കൾ അറിയിച്ചു.