പിസ വാങ്ങുന്നതിന് ഓൺലൈനായി പണം അടച്ചപ്പോൾ പോയത് പതിനായിരം രൂപ, മടക്കി ലഭിക്കുന്നതിനുള്ള ശ്രമത്തിൽ നഷ്ടപ്പെട്ടത് 11 ലക്ഷം

Saturday 15 January 2022 11:18 PM IST

മുംബയ്: ഓൺലൈൻ തട്ടിപ്പ് വഴി മുതിർന്ന പൗരയ്ക്ക് നഷ്ടമായത് 11 ലക്ഷത്തോളം രൂപ. മുംബയ് സ്വദേശിയായ സ്ത്രീയ്ക്കാണ് ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായത്. കഴിഞ്ഞ വർഷം ജൂലായിൽ പരാതിക്കാരി ഓൺലൈൻ വഴി പിസ ഓർഡർ ചെയ്ത ശേഷം പണമടയ്ക്കുന്നതിന് ഇടയിൽ 9,999 രൂപ നഷ്ടമായിരുന്നു. അതിനുശേഷം ഒക്ടോബറിൽ ഉണക്കമുന്തിരി സമാനരീതിയിൽ ഓർഡർ ചെയ്തപ്പോൾ 1496 വീണ്ടും നഷ്ടപ്പെട്ടു.

തുടർന്ന് ഓൺലൈനിൽ കണ്ട ഒരു നമ്പർ വഴി കസ്റ്റമർ കെയറിൽ ബന്ധപ്പെട്ട വനിതയോട് ഒരു മൊബൈൽ ആപ്ളിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടു. അവ‌ർ പറഞ്ഞതനുസരിച്ച് ആപ്ളിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത പരാതിക്കാരിയുടെ അക്കൗണ്ടിൽ നിന്ന് നവംബർ 14നും ഡിസംബർ 1നും ഇടയിൽ 11 ലക്ഷത്തോളം രൂപ നഷ്ടമാകുകയും ചെയ്തു. മുംബയ് ബി കെ സി സൈബർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ആപ്ളിക്കേഷൻ വഴി പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എല്ലാം തട്ടിപ്പുകാർക്ക് ലഭിച്ചുവെന്നും ഇതുവഴിയാണ് തട്ടിപ്പ് നടന്നതെന്നും പൊലീസ് പറഞ്ഞു.