തിരുവാതിര ഞാറ്റുവേലകൾ

Sunday 16 January 2022 12:00 AM IST

തിരുവാതിരക്കളി കമ്മ്യൂണിസ്റ്റ് സംവിധാനത്തിൽ വർജ്യമാണെന്ന് ആരും എവിടെയും പറഞ്ഞിട്ടില്ല. കാൾ മാർക്സ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ ഒരിടത്തും അങ്ങനെയൊന്ന് എഴുതി വച്ചിട്ടുമില്ല. അത് കമ്പോട് കമ്പ് അരിച്ചെടുക്കുന്ന കൂട്ടത്തിൽ അങ്ങനെയൊന്ന് നമ്മുടെ ബേബി സഖാവിന്റെ കണ്ണിൽ ഇന്നേവരെ പെട്ടിട്ടില്ല. മാർക്സും ഏംഗൽസും കഴിഞ്ഞാലാര് എന്ന ചോദ്യം അന്തരീക്ഷത്തിലിങ്ങനെ ഉയർന്നുനിന്നപ്പോൾ പ്രാക്കുളത്ത് നിന്ന് ഇതാ,​ ഞാനുണ്ട് എന്നും പറഞ്ഞ് വിരിമാറ് തുറന്നുകാട്ടി മുൻപിൻ നോക്കാതെ ഉടുമുണ്ട് മാത്രമായി ഇറങ്ങിപ്പുറപ്പെട്ട ബേബി സഖാവിനെക്കാൾ ആധികാരികമായി കാര്യങ്ങൾ പറയാൻ ഇന്നത്തെ കാലത്ത് മാർക്സിന് പോലും സാധിച്ചുവെന്ന് വരില്ല. ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിൽ നിന്ന് ഇടയ്ക്കിടയ്ക്ക് മാർക്സ് കണ്ണുതുറന്ന് നോക്കുന്നത് പോലും ബേബി സഖാവ് അവിടെയുണ്ടല്ലോ എന്ന് ഉറപ്പ് വരുത്താൻ മാത്രമാണെന്ന് ഇന്നാട്ടിൽ എത്ര പേർക്കറിയാം?​ അപ്പോൾ മാത്രമാണ് മാർക്സിന് ഒരു മനസ്സമാധാനം കിട്ടുന്നതത്രെ!

തിരുവാതിര എന്നത് കമ്മ്യൂണിസ്റ്റ് പദാവലിയിലുള്ളതാണോ എന്ന് ചോദിച്ചാൽ ഉള്ളതല്ല എന്നുതന്നെയാണ് ഉത്തരം. തിരുവാതിരയോ അതേത് മുതിര എന്ന് ചിലപ്പോൾ തൊക്കിലങ്ങാടി കിട്ടൻ കാസ്ട്രോയോ പാറശാല നാഗപ്പൻ മാർക്സോ ചോദിച്ചേക്കാം. പാർട്ടി ക്ലാസിന്റെ കുറവ് നേരിടുന്ന അത്തരം ലോക്കൽ സഖാക്കൾക്കുള്ള ഒറ്റമൂലിയും സാക്ഷാൽ ബേബി സഖാവാണ്. തിരുവാതിര കമ്മ്യൂണിസ്റ്റ് പദാവലിയല്ലെങ്കിൽ പോലും തിരുവാതിരയിലെ തിരുവിലും ആതിരയിലും അടങ്ങിയിരിക്കുന്ന അന്തർധാര പലപ്പോഴും സജീവമാകാറുണ്ടെന്നും ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ സരണികളിൽ അത് മൂർത്തരൂപം കൈവരിക്കാറുണ്ടെന്നും ബേബിസഖാവ് പറയുമ്പോഴാണ് പലർക്കും പലതും പിടികിട്ടുക.

അങ്ങനെയാണ് ബേബിസഖാവിന്റെ സാന്നിദ്ധ്യത്തിൽ പാറശാല പട്ടണത്തിൽ വച്ച് തിരുവാതിരക്കളി അരങ്ങേറിയത്. കച്ചേരിയായാലും തിരുവാതിരയായാലും ബേബി സഖാവിന് വലത്തേ തുടയിൽ കൈപ്പത്തി കൊണ്ടടിച്ച് താളം പിടിക്കുകയെന്നത് ഒരു ദൗർബല്യമാണ്. അതൊരു കണക്കിന് പറഞ്ഞാൽ ദൗർബല്യമാണെന്ന് പറയാനും പറ്റില്ല. സഖാവിന്റെ കണക്കിൽ അതിനും ഒരു മാർക്സിയൻ സൗന്ദര്യബോധം തന്നെയാണ്. പത്തഞ്ഞൂറ്റി ചില്വാനം പെണ്ണുങ്ങൾ നിരനിരയായി നിന്ന് കൈകൊട്ടി തിരുവാതിര കളിക്കുമ്പോൾ കരയ്ക്കിരുന്ന് കാണാനുള്ള സൗന്ദര്യബോധം ബേബിസഖാവിനോളം മറ്റാർക്കുമുണ്ടെന്ന് പറയാനാവില്ല. മാർക്സ് അവിടെയും തോറ്റുപോയിട്ടുണ്ടെന്ന് ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

 

ശരിക്കും പറഞ്ഞാൽ മെഗാ തിരുവാതിരയ്ക്ക് വിപ്ലവവീര്യം നല്ലപോലെയുണ്ട്. മഹിളാ അസോസിയേഷൻ സഖാക്കൾ ഇരുപത്തിയെട്ട് നാൾ ചേമ്പ്,​ ചേന,​ കാച്ചിൽ,​ കിഴങ്ങ് പുഴുക്കാദികൾ സേവിച്ചിട്ടാണ് വിപ്ലവവീര്യം നല്ലപോലെ തിളപ്പിച്ചെടുത്ത് തിരുവാതിരയ്ക്കായി ഒരുങ്ങിയത്. ബേബി സഖാവ് കൂടി വന്നിരുന്നപ്പോൾ വിപ്ലവം പാകമായി.

സാദാ തിരുവാതിര കളിക്കുന്ന കുലസ്ത്രീകളും ഇതുപോലെ ചേമ്പ്, ചേന, കാച്ചിൽ, കിഴങ്ങ്, പുഴുക്കാദികൾ സേവിക്കുകയും ഇരുപത്തിയെട്ട് നാൾ വ്രതമെടുക്കുകയും ചെയ്യാറുണ്ട്. അത് കാണാൻ രാജാക്കന്മാരൊക്കെ വന്നിരുന്നിട്ടുണ്ടത്രേ. 'വീരവിരാട കുമാര വിഭോ,​ ചാരുതര ഗുണ സാഗരഭോ' എന്നും ' ലോകാധിപാ കാന്താ കരുണാലയ വാചമാകർണയ മേ ശംഭോ ' എന്നും മറ്റുമുള്ള പാട്ടുകേട്ട് വിജൃംഭിതനാകുന്ന രാജാവും കുലസ്ത്രീകളും തമ്മിലെ കോംബിനേഷനാണ് നവോത്ഥാനകേരളത്തിന് പഥ്യമെന്ന് ആർക്കാണറിയാത്തത്. ശബരിമലയിൽ പെണ്ണുങ്ങളെ കയറ്റാനുള്ള വിധി വന്നപ്പോഴൊക്കെ കണ്ടതും ഇതുപോലുള്ള തിരുവാതിരമോഡലായിരുന്നുവല്ലോ.

വീരവിരാട പിണറായി സഖാവിഭോ എന്ന മട്ടിലുള്ള പാട്ടായിരുന്നു പാറശാലയിലെ മെഗാ തിരുവാതിരയ്ക്കായി ചിട്ടപ്പെടുത്തിയത്. ഈ മെഗാ തിരുവാതിരയ്ക്ക് പാട്ടെഴുതിയ കവിക്ക് വിപ്ലവവള നല്‌കി ആദരിക്കാൻ സാഹിത്യ അക്കാഡമിയെ ചട്ടംകെട്ടിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. രക്തസാക്ഷി, വിലാപയാത്ര, കൊവിഡ്, ഒമിക്രോൺ എന്നിത്യാദി വ്യവഹാരങ്ങൾക്കിടയിൽ തിരുവാതിരക്കളി ഔചിത്യക്കേടായി എന്നൊക്കെ കോടിയേരി സഖാവിന് പറയാനാകും. കാരണം, അത് കാണാനിരുന്ന ബേബി സഖാവിന്റെ അത്രയും സൗന്ദര്യബോധം കോടിയേരി സഖാവിന് ഇല്ല. ഔചിത്യവും അനൗചിത്യവുമൊന്നും സൗന്ദര്യശാസ്ത്ര ഗവേഷണത്തിനിടയിൽ ബേബിസഖാവ് ചിന്തിക്കാറ് പോലുമില്ല. അത് കോടിയേരിക്കറിയില്ലെങ്കിലും മാർക്സിനറിയാം. അതുമതി.

 

"ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ, പിണറായി വിജയനെന്ന സഖാവ് തന്നെ" എന്ന വരികളിലാണ് പാറശാല തിരുവാതിരപ്പാട്ടിന്റെ തുടിപ്പത്രയും എന്നാണ് പാട്ടിനെ വിലയിരുത്തിയ ഏകെജി പഠനഗവേഷണകേന്ദ്രം സർട്ടിഫൈ ചെയ്തിരിക്കുന്നത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ലോകത്തെങ്ങും ശോഭയോടെ വിളങ്ങിനില്‌ക്കുന്നതിന് കാരണഭൂതൻ പിണറായി സഖാവാണെന്നതിൽ തർക്കമൊന്നുമില്ല. കേരളം വിട്ടാൽ ചൈന, ലാവോസ്, വിയറ്റ്നാം എന്നിവിടങ്ങളിലെല്ലാം പിണറായി സഖാവിന്റെ പ്രഭാവം കാണാനാകും. എതിരാളികൾ കൂട്ടത്തോടെ പീഡിപ്പിച്ചപ്പോഴെല്ലാം അടിപതറാത്ത സഖാവാണ് എന്ന തിരുവാതിരപ്പാട്ടിലെ വരികേട്ടപ്പോൾ ചൈനയിലെ ഷിജിൻ പിങ് പോലും ഉൾപ്പുളകിതനായെന്നാണ് പറയുന്നത്.

കണ്ണൂരിൻ താരകമല്ലോ,​ ചെഞ്ചോരപ്പൊൻ കതിരല്ലോ,​ നാടിന്റെ നായകനാകും പി.ജയരാജൻ ധീരസഖാവ് എന്ന പേരിൽ ഈയിടയ്ക്കൊരു പാട്ടുണ്ടായിരുന്നു. എല്ലാവരുടെയും കരുത്ത് പാർട്ടിക്ക് താഴെയാണ് എന്ന് പറഞ്ഞാണ് ഈ പാട്ടിലെ ചെഞ്ചോരപ്പൊൻ കതിരിനെ പിണറായി സഖാവ് ഇരുത്തിക്കളഞ്ഞത്. അതേപ്പിന്നെ ആ സഖാവ് കാര്യമായി എഴുന്നേറ്റില്ലെന്ന് പറയുന്നവരുണ്ട്. അതിനും മുമ്പ് ശംഖുമുഖത്ത് ബക്കറ്റിലെ വെള്ളവും കടലിലെ തിരമാലയും എന്ന വിഖ്യാതമായ കവിത പിണറായി സഖാവ് ചൊല്ലിയത് വി.എസ് സഖാവിന് മുന്നറിയിപ്പ് നല്‌കാനായിരുന്നു.

അതൊന്നും പക്ഷേ തിരുവാതിരക്കളിയായിരുന്നില്ല. തിരുവാതിരക്കളിയിൽ കമ്മ്യൂണിസ്റ്റ് വിപ്ലവവീര്യമുണ്ട്. വിപ്ലവവീര്യമില്ലാത്ത പാട്ടുകളോ കവിതകളോ കളികളോ ചൊല്ലുകളോ ആകുമ്പോഴാണ് സഖാവിന് ദേഷ്യം വരുന്നത്. അതുകൊണ്ട് തിരുവാതിര മോഡൽ വാഴ്ത്തുപാട്ട് വേണമെങ്കിൽ ആവാം!

ഇ-മെയിൽ: dronar.keralakaumudi@gmail.com

Advertisement
Advertisement