പസഫിക് ദ്വീപായ ടോംഗയിൽ അഗ്നിപർവത സ്ഫോടനം, പിന്നാലെ സുനാമി

Sunday 16 January 2022 2:03 AM IST

വെല്ലിംഗ്ടൺ : തെക്കൻ പസഫിക് ദ്വീപ് രാജ്യമായ ടോംഗയിൽ സമുദ്രത്തിനടിയിൽ ശക്തമായ അഗ്നിപർവത സ്ഫോടനവും പിന്നാലെ കൂറ്റൻ സുനാമിത്തിരയും. ടോംഗയിലെ ഏറ്റവും വലിയ ദ്വീപായ ടോംഗാറ്റപുവിലാണ് സുനാമിത്തിര ആഞ്ഞടിച്ചത്. ഇന്നലെ ദ്വീപിന് സമീപം കടലിൽ അഗ്നിപർവത സ്ഫോടനത്തിന്റെ ഫലമായി അതിശക്തമായ ചാരവും പുകയും വാതകങ്ങളും ആകാശത്തേക്കുയരുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. സ്ഫോടനത്തെ തുടർന്ന് ടോംഗയിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു.

ടോംഗയുടെ തലസ്ഥാനമായ നുകുഅലോഫ തീരത്ത് ആഞ്ഞടിച്ച സുനാമി തിരകളുടെ ഫലമായി റോഡുകൾ വെള്ളത്തിൽ മുങ്ങി. നഗരത്തിൽ വെള്ളം പൊങ്ങിയതോടെ ടോംഗയിലെ രാജാവ് ടുപോവ് ആറാമനെ അധികൃതർ കൊട്ടാരത്തിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. ജനങ്ങളെ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ തുടരുകയാണ്. നുകുഅലോഫയിൽ അഗ്നിപർവത സ്ഫോടനഫലമായി ഉണ്ടായ ചാരം ആകാശത്ത് നിന്ന് താഴേക്ക് പതിച്ചത് ഫോൺ കണക്‌ഷനുകൾ തകരാറിലാകാനും വൈദ്യുതി, ഇന്റർനെറ്റ് ബന്ധം തകരാറിലാകാനും കാരണമായതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ടോംഗയിൽ ശക്തമായ കാറ്റും മഴയും പ്രളയവും ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പുണ്ട്. സമീപ ദ്വീപായ ഫിജിയും അതീവ ജാഗ്രതയിലാണ്. വെള്ളത്തിൽ മുങ്ങിയ തെരുവുകളുടെ വീഡിയോകൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ന്യൂസിലൻഡിലെ നോർത്ത് ഐലൻഡ്, കാലിഫോർണിയ മുതൽ അലാസ്ക വരെയുള്ള യു.എസിന്റെ പടിഞ്ഞാറൻ തീരം, കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ, ഓസ്ട്രേലിയയിലെ ടാസ്മാനിയ എന്നിവിടങ്ങളിലും സുനാമി ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 ശക്തമായ സ്ഫോടനം

ടോംഗയിലെ ഫോനുവഫോ ദ്വീപിൽ നിന്ന് 30 കിലോമീറ്റർ തെക്ക് കിഴക്കായുള്ള ' ഹംഗ - ടോംഗ - ഹംഗ - ഹാപായി " എന്ന സജീവ അഗ്നിപർവതം വെള്ളിയാഴ്ചയാണ് ആദ്യം പൊട്ടിത്തെറിച്ചത്. വായുവിൽ 20 കിലോമീറ്റർ ഉയരത്തിലേക്കാണ് അന്ന് ചാരം പൊങ്ങിയത്. പ്രാദേശിക സമയം ഇന്നലെ വൈകിട്ട് 5.26 ഓടെ രണ്ടാമത്തെ സ്ഫോടനം സംഭവിച്ചു. പിന്നാലെ, 5.30ന് നുകുഅലോഫയ്ക്ക് സമീപം 4 അടിയോളം ഉയരത്തിൽ സുനാമിത്തിരയടിച്ചതായി ഓസ്ട്രേലിയൻ ബ്യൂറോ ഒഫ് മെറ്ററോളജി അറിയിച്ചു. നുകുഅലോഫയിൽ 2.7 അടി ഉയരത്തിലുള്ള തിരകൾ രേഖപ്പെടുത്തിയതായി പസഫിക് സുനാമി വാണിംഗ് സെന്റർ അറിയിച്ചു. അഗ്നിപർവത സ്ഫോടനത്തിന്റെ ശബ്ദം തെക്കൻ പസഫിക് ദ്വീപുകളിലും ന്യൂസിലൻഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും കേട്ടതായാണ് റിപ്പോർട്ട്.

Advertisement
Advertisement