പശുക്കളിൽ പാൽ ഉത്പാദനം കൂട്ടാൻ വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റ് !

Sunday 16 January 2022 2:05 AM IST

ഇസ്താംബുൾ : തന്റെ പശുക്കളിൽ പാലുത്പാദനം വർദ്ധിപ്പിക്കുന്നതിന് വളരെ വ്യത്യസ്തമായ ഒരു മാർഗം അവലംബിച്ചതിലൂടെ ശ്രദ്ധനേടുകയാണ് തുർക്കിയിലെ ഒരു കർഷകൻ. അക്സറേ സ്വദേശിയായ ഇസെറ്റ് കൊകാക് എന്ന കർഷകൻ തന്റെ പശുക്കൾക്ക് വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റുകൾ ഘടിപ്പിച്ചു നൽകുകയായിരുന്നു.

വേനൽക്കാലത്തും തങ്ങൾ പുറത്ത് വിശാലമായ പുൽമേടുകളിലാണെന്ന തോന്നൽ പശുക്കളിൽ സൃഷ്ടിക്കാനായിരുന്നത്രെ ഇത്. ഒരു പഠന റിപ്പോർട്ട് അനുസരിച്ച് തന്റെ രണ്ട് പശുക്കളിലാണ് ഇസെറ്റ് പരീക്ഷണം നടത്തിയത്. ഏതായാലും വെർച്വൽ റിയാലിറ്റി, പശുക്കളിൽ ആഹ്ലാദം നിറച്ചെന്ന് മാത്രമല്ല, അവരുടെ സമ്മർദ്ദം കുറയുകയും പാലുത്പാദനം കൂടുകയും ചെയ്തെന്ന് ഇസെറ്റ് പറയുന്നു. ഹെഡ്സെറ്റിന് പുറമേ ശാന്തമായ സംഗീതവും പശുക്കളെ കേൾപ്പിക്കാറുണ്ട്.

വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റുകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ ദിവസം 22 ലിറ്ററിൽ നിന്ന് 27 ലിറ്ററിലേക്ക് പാൽ ഉത്പാദനം വർദ്ധിച്ചു. മൃഗഡോക്ടർമാരുടെ സഹായത്തോടെ ഒരു റഷ്യൻ കമ്പനിയാണ് വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റ് വികസിപ്പിച്ചിരിക്കുന്നത്.

നേരത്തെ റഷ്യയിലെ മോസ്കോയിലെ ഒരു ഫാമിൽ ഇത്തരം ഹെഡ്സെറ്റുകൾ പരീക്ഷിച്ചിരുന്നു. ഈ മാർഗത്തിലൂടെ പശുക്കളിലെ ഉത്കണ്ഠ കുറച്ച് അവരുടെ മാനസിക ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനായെന്ന് മോസ്കോയിൽ നിന്നുള്ള പഠന റിപ്പോർട്ടിലുണ്ട്. പശുക്കൾക്ക് കാണാൻ കഴിയുന്ന നിറങ്ങളുടെ അടിസ്ഥാനത്തിലാണ് ഹെഡ്സെറ്റ് തയാറാക്കിയിരിക്കുന്നത്.

Advertisement
Advertisement