കമ്മിഷണറുടെ നോട്ടീസിന് പുല്ലുവില, സുരേഷ് കല്ലട ഹാജരായില്ല
കൊച്ചി: യാത്രക്കാരായ യുവാക്കളെ ബസിൽ വച്ച് മർദ്ദിച്ച് റോഡിൽ തള്ളിയ സംഭവത്തിൽ സുരേഷ് കല്ലട ട്രാവൽസിന്റെ ഉടമ സുരേഷ് കുമാർ ഇന്നലെ മരട് പൊലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്ന കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്. സുരേന്ദ്രന്റെ നോട്ടീസിന് പുല്ലുവില. സ്‌റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് കമ്മിഷണർ പ്രത്യേക നിർദ്ദേശം നൽകിയെങ്കിലും സുരേഷ് എത്തിയില്ല. നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്നാണ് പുതിയ വിവരം.
മർദ്ദനത്തിനിരയായി ഈറോഡിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന അഷ്‌ക്കർ, സച്ചിൻ എന്നിവരിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര അസി. കമ്മിഷണർ സ്‌റ്റുവർട്ട് കീലർ ഇന്നലെ വിശദമായ മൊഴി രേഖപ്പെടുത്തി. 12 മുതൽ 15 പേർ വരെ മർദ്ദിക്കാനുണ്ടായിരുന്നുവെന്നാണ് അവരുടെ മൊഴി. ഇതുവരെ ഏഴു പേരാണ് അറസ്‌റ്റിലായത്. ആക്രമണം നടന്ന വൈറ്റിലയിലെ കൂടുതൽ സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് മറ്റുള്ളവരെ കണ്ടെത്താനാണ് പൊലീസ് ശ്രമം.
സുരേഷ് കല്ലട ട്രാവൽസിന്റെ മുഴുവൻ ഓഫീസുകളും പൊലീസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് വൈറ്റിലയിലെ ട്രാവൽസ് ഓഫീസിന് മുന്നിൽ മൂന്ന് യുവാക്കളെ മർദ്ദിച്ച് തള്ളിയത്. ഹരിപ്പാട്ട് വച്ച് കേടായ വാഹനത്തിന് പകരം സംവിധാനമൊരുക്കണമെന്ന യുവാക്കളുടെ ആവശ്യത്തിന് പ്രതികാരമായിരുന്നു മർദ്ദനം.