ഇത് സൈനികർക്ക് മാത്രം, 13 ലക്ഷത്തോളം വരുന്ന സൈനികർക്ക് ഇപ്പോൾ എന്തിന് യൂണിഫോം മാറ്റി

Sunday 16 January 2022 10:52 AM IST

ന്യൂഡൽഹി : ഇന്ത്യൻ സൈന്യത്തിനായി പ്രത്യേകം തയാർ ചെയ്ത പുതിയ യൂണിഫോം കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രദർശിപ്പിച്ചിരുന്നു. ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷം നടന്ന പരേഡിലാണ് പുതിയ യൂണിഫോം പ്രദർശിപ്പിച്ചത്. സൈന്യത്തിലെ പതിമൂന്ന് ലക്ഷം വരുന്ന സൈനികർക്ക് ഇപ്പോൾ ഇങ്ങനെയൊരു മാറ്റം കൊണ്ട് വന്നതിന് പിന്നിൽ ചില ലക്ഷ്യങ്ങളുണ്ട്. പുതിയ യൂണിഫോമിൽ എന്തൊക്കെ മേൻമകളുണ്ടെന്ന് പരിശോധിക്കാം.

നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയുമായി സഹകരിച്ചാണ് പുതിയ യൂണിഫോം സൈന്യം രൂപപ്പെടുത്തിയത്. അമേരിക്കൻ സൈന്യം ഉപയോഗിക്കുന്ന ഡിജിറ്റൽ പാറ്റേൺ മോഡലിൽ ഉള്ളതാണ് ഈ യൂണിഫോം. ഇത് ധരിക്കുമ്പോൾ സൈനികർക്ക് ഏറെ സുഖകരമാണ്. ഇൻസർട്ട് ചെയ്യണ്ട എന്നതാണ് യൂണിഫോമിന്റെ ഒരു പ്രത്യേകത. യൂണിഫോമിന് അടിയിലായിരിക്കും ഇതിന്റെ ബെൽറ്റ് വരുന്നത്.

ശത്രുക്കളുടെ കണ്ണിൽ പെട്ടെന്ന് തിരിച്ചറിയാനാവാത്ത നിറമാണ് പുതിയ യൂണിഫോമിനുള്ളത്. മണ്ണിൻെറയും ഒലിവിൻെറയും നിറം ചേർന്ന നിറങ്ങളാണ് ഇതിനുള്ളത്. അതിനാൽ തന്നെ ദൂരെ നിന്നും ശത്രുവിന് എളുപ്പം തിരിച്ചറിയാനാകില്ല. ഇതിന് പുറമേ സൈന്യത്തിന് ലഭ്യമാക്കിയ പുതിയ യൂണിഫോമിന്റെ നിറത്തിലെ വസ്ത്രങ്ങൾ പൊതുജനങ്ങൾക്ക് ലഭിക്കുകയുമില്ല. ഇതിനുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അറിയുന്നു.

പുതിയ യൂണിഫോം ധരിച്ച് പാരച്യൂട്ട് റെജിമെന്റിലെ കമാൻഡോകളുടെ ഒരു സംഘം ശനിയാഴ്ച കരസേനാ ദിന പരേഡിൽ പങ്കെടുത്തിരുന്നു. ഈ വർഷം എല്ലാ സൈനികർക്കും പുതിയ നിറത്തിലെ യൂണിഫോം ലഭ്യമാക്കും.

Advertisement
Advertisement