യു പി മന്ത്രിമാരെ അടർത്തിയെടുത്ത അഖിലേഷിന്റെ വീട്ടിൽ കയറി ബി ജെ പിയുടെ മിന്നലാക്രമണം, ഉന്നത നേതാവ് ബി ജെ പിയിലേക്ക് 

Sunday 16 January 2022 12:29 PM IST

ലക്നൗ : യു പി മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരെയും നിരവധി ബി ജെ പി എം എൽ എമാരെയും അടർത്തിയെടുത്ത് സ്വന്തം പാർട്ടിയിൽ എത്തിച്ച സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ തന്ത്രത്തിന് അതേ നാണയത്തിൽ തിരിച്ചടി. മുലായം സിംഗ് യാദവിന്റെ മരുമകളും, സമാജ്‌വാദി പാർട്ടി നേതാവുമായ അപർണ യാദവ് ഇന്ന് ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ടുകൾ.

യു പിയിൽ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് അപർണയുടെ ബി ജെ പി പ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകൾ കുറച്ച് ദിവസമായി നടക്കുകയാണ്. നരേന്ദ്ര മോദി സർക്കാരിന്റെ തീരുമാനങ്ങളെ പരസ്യമായി അനുകൂലിച്ച അപർണ ഇന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെയും യുപി ബിജെപി അദ്ധ്യക്ഷൻ സ്വതന്ത്ര ദേവിന്റെയും സാന്നിദ്ധ്യത്തിൽ ബിജെപിയിൽ ചേരുമെന്നാണ ലഭിക്കുന്ന വിവരം.

മുലായം സിംഗിന്റെ ഇളയ മകൻ പ്രതീക് യാദവിന്റെ ഭാര്യയാണ് അപർണ യാദവ്. ബി ജെ പിയിൽ അപർണ എത്തിയാൽ ലക്നൗവിലെ കാന്ത് മണ്ഡലത്തിൽ നിന്നും മത്സരിപ്പിക്കുവാനാണ് തീരുമാനം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പതിനാല് ബി ജെ പി എം എൽ എമാരാണ് പാർട്ടി വിട്ട് എസ്പിയുടെ കൂടാരത്തിലെത്തിയത്. അയോദ്ധ്യ, പൗരത്വ ഭേദഗതി തുടങ്ങിയ വിഷയങ്ങളിൽ അപർണ മോദിയ്‌ക്കൊപ്പമായിരുന്നു. രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി അപർണ 11 ലക്ഷം രൂപ സംഭാവന ചെയ്യുകയും ചെയ്തിരുന്നു.