ഡോക്ടർമാർ പന്നിയുടെ ഹൃദയം തുന്നിപ്പിടിപ്പിച്ച അമേരിക്കക്കാരൻ കൊടും കുറ്റവാളി, രോഗിയുടെ ക്രിമിനൽ പശ്ചാത്തലം പുറത്ത്

Sunday 16 January 2022 4:06 PM IST

മേരിലാൻഡ്: അടുത്തിടെ അമേരിക്കയിൽ പന്നിയുടെ ഹൃദയം വിജയകരമായി മാറ്റിവയ്ക്കൽ നടത്തിയ അമേരിക്കക്കാരൻ വീണ്ടും വാർത്തകളിൽ നിറയുന്നു. പന്നി ഹൃദയം സ്വീകരിച്ച ഡേവിഡ് ബെന്നറ്റ് എന്നയാളുടെ ക്രിമിനൽ പശ്ചാത്തലമാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം മേരിലാൻഡ് നിവാസികൾ ഒരിക്കൽ ഭയപ്പാടോടെ ഓർത്തിരുന്നയാളായിരുന്നു ഡേവിഡ് ബെന്നറ്റ്.

1988ൽ എഡ്വേർഡ് ഷുമാക്കറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോടതി ഇയാൾക്ക് പത്തു വർഷത്തെ കഠിനതടവാണ് കോടതി വിധിച്ചിരുന്നത്. ഏഴോളം തവണ കുത്തേറ്റ എഡ്വേർഡിന്റെ ശരീരം തളരുകയും ഏറെ നാളത്തെ ചികിത്സയ്ക്കും ദുരിത ജീവിതത്തിനും ശേഷം 2007ൽ മരണപ്പെടുകയുമായിരുന്നു. കുത്തേറ്റ സംഭവവുമായി ബന്ധപ്പെട്ട് ഇരുപത് വർഷത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം മരണപ്പെട്ടതെന്ന് സഹോദരി ലെസ്ലി പറയുന്നു.

മരണത്തോട് മല്ലടിച്ച ഡേവിഡിനെ രക്ഷിക്കുന്നതിനായി അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് മെരിലാൻഡ് മെഡിക്കൽ സ്‌കൂളിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്. ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഡോക്ടർമാർ തുന്നിച്ചേർത്തത്. ജനുവരി 8നായിരുന്നു ഒമ്പത് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ. ദിവസങ്ങൾ പിന്നിട്ടിട്ടും ഡേവിഡ് ആരോഗ്യവാനായി തുടരുന്നതാണ് പ്രതീക്ഷയേകുന്നത്. ഡേവിഡ് എത്രകാലം പന്നിയുടെ ഹൃദയവുമായി ജീവിക്കുമെന്ന് വ്യക്തമല്ല.

മരണത്തോട് മല്ലടിച്ച ഡേവിഡിനെ രക്ഷിക്കാനുള്ള ഏക വഴിയായിരുന്നു ഈ ശസ്ത്രക്രിയ. ജനിതകമാറ്റം വരുത്തിയ മൃഗ ഹൃദയം മനുഷ്യശരീരം ഉടൻ തിരസ്‌കരിക്കില്ലെന്ന് ഈ ശസ്ത്രക്രിയ തെളിയിച്ചു.