ആം ആദ്മി സത്യസന്ധതയുള്ള പാർട്ടിയെന്ന് കേജ്‌‌രിവാൾ

Monday 17 January 2022 1:03 AM IST

പനജി: സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും സത്യസന്ധതയുള്ള പാർട്ടിയാണ് ആം ആദ്മിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ആ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗോവയിലെത്തിയ കേജ്‌രിവാൾ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

എനിക്കും മനീഷ് സിസോദിയക്കുമെതിരെ മോദിജി പൊലീസ്, സി.ബി.ഐ റെയ്ഡുകൾ നടത്തി. 21 പാർട്ടി എം.എൽ.എമാരെ അറസ്റ്റ് ചെയ്തു. 400 ഫയലുകൾ പരിശോധിക്കാൻ കമ്മിഷനുണ്ടാക്കി. എന്നിട്ടും ഒന്നും കണ്ടെത്താനായില്ല. അഴിമതിരഹിത ഭരണം ഞങ്ങളുടെ രക്തത്തിലുള്ളതാണ്.

തീരദേശ സംസ്ഥാനത്തിനായി പാർട്ടി 13 ഇന അജണ്ട പ്രഖ്യാപിച്ചിട്ടുണ്ട്. അധികാരത്തിലെത്തിയാൽ ഗോവയിൽ തൊഴിലില്ലായ്മയും അഴിമതിയും തുടച്ചുനീക്കും. ഖനനം പുനരാരംഭിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും.

ഗോവ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാനായില്ലെങ്കിൽ ബി.ജെ.പി ഇതര പാർട്ടിയുമായി സഖ്യം രൂപീകരിക്കുന്നതിനെക്കുറിച്ച് പാർട്ടി ആലോചിക്കും. തിരഞ്ഞെടുപ്പിന് മുമ്പ് തൃണമൂൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന വാർത്ത അദ്ദേഹം തള്ളിക്കളഞ്ഞു. എന്നാൽ മുൻ മുഖ്യമന്ത്രി അന്തരിച്ച മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കറിനായി വാതിലുകൾ തുറന്നിട്ടിരിക്കുകയായണെന്നും കേജ്‌രിവാൾ കൂട്ടിച്ചേർത്തു.