മത്സരിക്കാൻ സീറ്റ് കിട്ടിയില്ല പൊട്ടിക്കരഞ്ഞ് പാർട്ടി നേതാവ്; ഒപ്പം തലവഴി പെട്രോളൊഴിച്ച് ആത്മഹത്യാശ്രമവും

Sunday 16 January 2022 9:07 PM IST

ലക്‌നൗ: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സീറ്റ് ലഭിച്ചവരുടെയും നിഷേധിക്കപ്പെട്ടവരുടെയും വ്യത്യസ്‌തങ്ങളായ പ്രതികരണങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേട്ടുതുടങ്ങി. ഇക്കൂട്ടത്തിൽ ഒന്നാണ് ഉത്തർപ്രദേശിലെ ലക്‌നൗവിൽ നിന്നുള‌ളത്. സമാജ്‌വാദി പാർട്ടി നേതാവായ ആദിത്യ ധാക്കൂർ തനിക്ക് സീറ്റില്ലെന്നറിഞ്ഞ് പാർട്ടി ആസ്ഥാനത്തിന് മുന്നിൽ ആത്മഹത്യാ ശ്രമം നടത്തി.

ആദ്യഘട്ട സീറ്റുകളുടെ പ്രഖ്യാപനം കഴിഞ്ഞതോടെ സീറ്റില്ലെന്നറിഞ്ഞ് ധാക്കൂർ പൊട്ടിക്കരഞ്ഞു. പിന്നാലെയായിരുന്നു ആത്മഹത്യാ ശ്രമം. തീകൊളുത്താനുള‌ള ശ്രമം പൊലീസ് ഇടപെട്ട് പരാജയപ്പെടുത്തി.

കഴിഞ്ഞ നാല് വർഷമായി മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വത്തിന് വേണ്ടി താൻ ശക്തമായ പ്രവർത്തനം ഇവിടെ നടത്തിയിരുന്നെന്ന് ധാക്കൂർ പറയുന്നു. അലിഗഡ് ജില്ലയിലെ ചാറ മണ്ഡലമായിരുന്നു നേതാവിന് വേണ്ടിയിരുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

മുൻപ് സീറ്റില്ലെന്നറിഞ്ഞ് ബിഎസ്‌പി നേതാവ് അർഷദ് റാണ പൊട്ടിക്കര‌ഞ്ഞതും യുപിയിലായിരുന്നു. 67 ലക്ഷം രൂപ നൽകിയിട്ടും തനിക്ക് സീ‌റ്റ് ലഭിച്ചില്ലെന്നാണ് റാണ കരഞ്ഞുകൊണ്ട് പരാതിപ്പെട്ടത്. ഫെബ്രുവരി 10 മുതൽ മാർച്ച് ഏഴ് വരെയാണ് യു.പിയിലെ നിയമസഭാ തിരഞ്ഞെടുപ്പ്. ആകെ ഏഴ് ഘട്ടമായാണ് വോട്ടെടുപ്പ്. മാർച്ച് 10ന് ഫലം പ്രഖ്യാപിക്കും.

Advertisement
Advertisement