2000 രൂപയ്ക്കായി മലിനജലം കുടിച്ച് വൃദ്ധൻ

Monday 17 January 2022 5:17 AM IST

വിദിഷ: മദ്ധ്യപ്രദേശിലെ വിദിഷയിൽ 2000 രൂപ നൽകാമെന്ന യുവാക്കളുടെ വാഗ്ദാനം കേട്ട് വൃദ്ധൻ അഴുക്ക് ചാലിലെ മലിനജലം കുടിച്ചു. പന്നലാൽ (60) ഓടയിൽ നിന്ന് കൈക്കുമ്പിളിൽ അഴുക്കുവെള്ളം കോരിക്കുടിക്കുന്ന ദൃശ്യം യുവാക്കൾ ചിത്രീകരിച്ചിരുന്നു. ജനുവരി 13 ന് നടന്ന സംഭവത്തിന്റെ വീഡിയോ ഇന്നലെയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്.

പന്നലാൽ കുശ്‌വാഹയിലൂടെ പോകു​മ്പോൾ വെറ്റിലക്കഷ്ണം അഴുക്കുചാലിൽ വീണിരുന്നു. അത് എടുത്ത് ശുദ്ധമായ വെള്ളത്തിൽ കഴുകി അദ്ദേഹം ഉപയോഗിച്ചു. ഈ സംഭവം സർപഞ്ച് പ്രതിനിധി ഉത്തം സിംഗും ഏതാനും യുവാക്കളും കണ്ടു. തുടർന്ന്, ഓടയിലെ വെള്ളം കുടിച്ചാൽ 2000 രൂപ നൽകാമെന്ന് സിംഗും യുവാക്കളും ലാലിനോട് പറഞ്ഞു. ഇതുകേട്ടയുടൻ ലാൽ മലിനജലം കോരിക്കുടിച്ചു.

പന്തയം വച്ചപ്പോഴുള്ള ആവേശം കൊണ്ടാണ് അഴുക്കുവെള്ളം കുടിച്ചതെന്ന് പന്നലാൽ പറഞ്ഞു. 2000 രൂപ ലഭിച്ചെന്നും ഇയാൾ വ്യക്തമാക്കി. സംഭവം വിവാദമായതോടെ പന്നലാൽ അഴുക്കുവെള്ളമല്ല മറിച്ച് ഓടയോട് ചേർന്നുള്ള കുഴൽക്കിണറിൽ നിന്നാണ് വെള്ളമെടുത്ത് കുടിച്ചതെന്ന് ഉത്തം സിംഗ് പറഞ്ഞു.