നിയുക്ത ആർച്ച് ബിഷപ്പിന് സ്വീകരണം നൽകി

Monday 17 January 2022 12:43 AM IST
നിയുക്ത ആർച്ച് ബിഷപ്പ് മാർ. ജോസഫ് പാംപ്ലാനിക്ക് തലശ്ശേരി ബിഷപ്പ് ഹൗസിൽ സ്വീകരണം നൽകിയപ്പോൾ

തലശ്ശേരി: അതിരൂപതയുടെ നിയുക്ത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്ക് അതിരൂപതാ കേന്ദ്രത്തിൽ സ്വീകരണം നൽകി. ഇന്നലെ കാലത്ത് തലശ്ശേരി സെന്റ് ജോസഫ്സ് കത്തീഡ്രൽ ദേവാലയത്തിൽ എത്തിയ മാർ ജോസഫ് പാംപ്ലാനിയെ വികാരി ജനറാൾമാരായ മോൺ. അലക്സ് താരാമംഗലം, മോൺ. ജോസഫ് ഒറ്റപ്ലാക്കൽ, കത്തീഡ്രൽ വികാരി ഫാദർ ജോർജ് കരോട്ട് എന്നിവർ ചേർന്ന് സ്വീകരിച്ചു.
സ്വീകരണ യോഗത്തിൽ തന്റെ പിൻഗാമിയായി മാർ ജോസഫ് പാംപ്ലാനിയെ ലഭിച്ചതിൽ സന്തോഷം പങ്കുവെച്ച് ആർച്ച് ബിഷപ്പ് മാർ ജോർജ് ഞറളക്കാട്ട് സംസാരിച്ചു. അതിരൂപത അദ്ധ്യക്ഷനായി നിയമിതനായതിനോടൊപ്പം സീറോ മലബാർ സിനഡ് സെക്രട്ടറി, സ്ഥിരം സിനഡ് അംഗം, കുന്നോത്ത് ഗുഡ്‌ഷെപ്പേർഡ് മേജർ സെമിനാരി കമ്മിഷൻ ചെയർമാൻ എന്നീ പദവികളിലേക്ക് കൂടി മാർ ജോസഫ് പാംപ്ലാനി തിരഞ്ഞെടുക്കപ്പെട്ടുവെന്ന് ആർച്ച് ബിഷപ് അറിയിച്ചു.
കണ്ണൂർ രൂപതാ അദ്ധ്യക്ഷൻ ബിഷപ് ഡോ. അലക്സ് വടക്കുംതല, ആർച്ച് ബിഷപ് മാർ ജോർജ് വലിയമറ്റം, കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ, അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, അഡ്വ. സജീവ് ജോസഫ് എം.എൽ.എ, ക്ലാരിസ്റ്റ് സന്യാസി സമൂഹത്തിന്റെ പ്രൊവിൻഷ്യൽ സി. അഞ്ജലി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ എന്നിവർ സംസാരിച്ചു. വിവിധ സംഘടനകളുടെ ഡയറക്ടർമാരും പ്രസിഡന്റുമാരും പൂച്ചെണ്ട് നൽകിയും ഷാൾ അണിയിച്ചും അഭിനന്ദനങ്ങൾ അറിയിച്ചു. കണ്ണൂർ ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി. ജോസ് എന്നിവരും എത്തിയിരുന്നു.
പുതിയ സ്ഥാനലബ്ധി ദൈവികദാനമാണെന്നും അതിനുപിന്നിൽ മാർ ജോർജ് ഞരളക്കാട്ട് പിതാവിന്റെ ആഗ്രഹവും പ്രയത്നവും ഉണ്ടെന്നും ബിഷപ്പ് പാംപ്ലാനി പറഞ്ഞു. താൻ തികച്ചും സാധാരണക്കാരനാണെന്നും ഇതുവരെ ആയിരുന്നതു പോലെ തുടർന്നും എല്ലാവർക്കും സമീപിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും പിതാവ് പറഞ്ഞു.
വികാരി ജനറാൾ മോൺ. അലക്സ് താരാമംഗലം സ്വാഗതവും അതിരൂപതാ ചാൻസിലർ ഫാ. തോമസ് തെങ്ങുംപള്ളിൽ നന്ദിയും പറഞ്ഞു.

Advertisement
Advertisement