മുറിയിൽ  അമ്മയോടൊപ്പം  കണ്ടിട്ടില്ലാത്ത  ഒരാളുമുണ്ടായിരുന്നു;  പിതാവിന്റെ  മരണത്തിൽ  ഞെട്ടിക്കുന്ന  വെളിപ്പെടുത്തലുമായി  പത്തുവയസുകാരൻ

Monday 17 January 2022 12:41 PM IST

ബംഗളൂരു: ബംഗളൂരു സ്വദേശി എൻ രാഘവേന്ദ്രയുടെ മരണം സ്വാഭാവികമാണെന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ എല്ലാവരും കരുതിയിരുന്നത്. എന്നാൽ മരണം നടന്ന് ദിവസങ്ങൾക്കു ശേഷം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് രാഘവേന്ദ്രയുടെ മകനായ പത്തുവയസുകാരൻ.

ബംഗളൂരുവിൽ ഗ്രാമപ്രദേശമായ കരേനഹള്ളിയിലെ വീട്ടിലാണ് രാഘവേന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവദിവസം പുലർച്ചെ രണ്ട് മണിയോടെ ഭാര്യ ഷൈലജയാണ് രാഘവേന്ദ്രയുടെ സഹോദരൻ ശേഖറിനെ വിവരം അറിയിച്ചത്. രാഘവേന്ദ്ര അപസ്മാരം ബാധിച്ച് കുഴഞ്ഞുവീണെന്നും ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരിച്ചിരുന്നു എന്നുമാണ് ഷൈലജ പറഞ്ഞത്.

ദിവസങ്ങൾക്കു ശേഷം രാഘവേന്ദ്രയുടെ അച്ഛനോടാണ് കുട്ടി നടന്ന സംഭവങ്ങൾ തുറന്നു പറഞ്ഞത്. സംഭവദിവസം അർദ്ധരാത്രിയിൽ ചില ശബ്ദങ്ങൾ കേട്ട് കുട്ടി ഉറക്കത്തിൽ നിന്നും ഉണർന്നപ്പോഴാണ് തന്റെ അച്ഛനെ അമ്മയും മുത്തശ്ശിയും ചേർന്ന് കഴുത്ത് ഞെരിക്കുന്നത് കണ്ടത്. മറ്റൊരാൾ ചപ്പാത്തി പലക ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നുവെന്നും പറഞ്ഞു. എന്തിനാണ് അച്ഛനെ തല്ലുന്നതെന്ന് ചോദിച്ചെങ്കിലും കൂടെയുണ്ടായിരുന്ന യുവാവ് കുട്ടിയെ തല്ലുകയും ശബ്ദമുണ്ടാക്കിയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ ഭയന്ന കുട്ടി ഉറങ്ങാൻ പോയെന്നുമാണ് മുത്തശ്ശനോട് വെളിപ്പെടുത്തിയത്.

ശേഖർ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് ഷൈലജയെയും അവരുടെ അമ്മ ലക്ഷ്മി ദേവിയെയും പൊലീസ് അറസ്റ്റു ചെയ്തതു. അന്വേഷണത്തിനൊടുവിൽ കൊലപ്പെടുത്താൻ സഹായിച്ച ഹനുമന്ദ എന്നയാൾ ഷൈലജയുടെ സഹപ്രവർത്തകനാണെന്നും ഇവർ തമ്മിൽ പ്രണയത്തിലായിരുന്നെന്നും വ്യക്തമായി. ഷൈലജയെ പലതവണ ചോദ്യം ചെയ്തതിന് ശേഷമാണ് രാഘവേന്ദ്രയുടെ കൊലപാതകം ഇരുവരും ചേർന്ന് ആസൂത്രണം ചെയ്തതാണെന്ന് സമ്മതിച്ചത്.