നേരിടുന്നത് കൊവിഡിന്റെ നാലാം തരംഗം; എന്നാൽ ഈ രാജ്യത്ത് ലോക്ഡൗണും ഇല്ല യാതൊരു നിയന്ത്രണങ്ങളും ഇല്ല
പ്രിട്ടോറിയ: പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനം കാരണം ലോകത്തുടനീളം കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പല രാജ്യങ്ങളും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ചില രാജ്യങ്ങളിൽ ക്വാറന്റീൻ നിയമങ്ങൾ പുനക്രമീകരിക്കുകയും നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്തു. എന്നാൽ ഈ സാഹചര്യത്തിലും ദക്ഷിണാഫ്രിക്കയിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. രാജ്യം കൊവിഡിനൊപ്പം ജീവിക്കാൻ തയ്യാറായി എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.
കൂടുതൽ പ്രായോഗികമായ നീക്കങ്ങളാണ് കൊവിഡിനെതിരെ ദക്ഷിണാഫ്രിക്കൻ സർക്കാർ സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഗുരുതരമായ കോവിഡ് രോഗികളുടെ കാര്യത്തിലും ആരോഗ്യ സംവിധാനങ്ങൾ ശരിയായ രീതിയിലാണോ എന്നതും സർക്കാർ നിരീക്ഷിക്കുന്നുണ്ട്.
കൊവിഡ് കാരണം രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ വളരെ വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും. ഇനിയും ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ജനങ്ങളുടെ ഉപജീവന മാർഗത്തെ സാരമായ രീതിയിൽ ബാധിക്കുമെന്നും രാജ്യത്തെ ആരോഗ്യ വിദഗ്ദ്ധർ പറഞ്ഞിരുന്നു. ലോക്ഡൗണോ മറ്റ് നിയന്ത്രണങ്ങളോ ഏർപ്പെടുത്തുന്നതു കൊണ്ട് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാകാത്തതിനാൽ സർക്കാർ ഇക്കാര്യം ശ്രദ്ധാപൂർവം കൈകാര്യം ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.
നിലവിൽ കൊവിഡിന്റെ നാലാം തരംഗത്തിനാണ് ദക്ഷിണാഫ്രിക്ക സാക്ഷ്യം വഹിക്കുന്നത്. കൊവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നത് തടയാൻ ലോകമെമ്പാടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലും തികച്ചും വ്യത്യസ്തമാവുകയാണ് ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ സമീപനം.