ജെ.ഡി.യു - ബി.ജെ.പി തർക്കം മുറുകുന്നു

Tuesday 18 January 2022 2:43 AM IST

പാട്ന: ബീഹാറിൽ ഭരണം പങ്കിടുന്ന ബി.ജെ.പിയും ജനതാദൾ യുനൈറ്റഡും തമ്മിലുള്ള ആഭ്യന്തര തർക്കം രൂക്ഷമാകുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയായ ജനതാദൾ യുണൈറ്റഡിനെ രൂക്ഷമായി വിമർശിച്ച് കൊണ്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ ഫേസ്ബുക്കിലിട്ട കുറിപ്പ് ഇതിന് തെളിവാണ്.

എന്തിനും ഒരു അതിരുണ്ടെന്നും പറ്റില്ലെങ്കിൽ കളഞ്ഞിട്ട് ജനതാദൾ മറ്റ് മാർഗം നോക്കണമെന്നും കുറിപ്പിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജെ.ഡി.യു നേതാക്കൾ ട്വിറ്റർ വഴി പരിഹസിക്കുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു.

എന്തിനാണ് ഈ നേതാക്കൾ കേന്ദ്ര നേതൃത്വത്തെ ചോദ്യം ചെയ്യുന്നത്? നമ്മൾ എല്ലാവരും സഖ്യത്തിൽ നമ്മുടെ പരിധിയിൽ നിൽക്കണം. ഇനി ഏകപക്ഷീയമായിരിക്കാൻ കഴിയില്ല. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അപമാനിക്കുകയും അദ്ദേഹത്തിന് നേരെ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്താൽ ബീഹാറിലെ 76 ലക്ഷം ബി.ജെ.പി പ്രവർത്തകർ നിങ്ങൾക്ക് ഉചിതമായ ഉത്തരം നൽകും. ഭാവിയിൽ നിങ്ങൾ ജാഗ്രത പാലിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും ജയ്‌സ്വാൾ പോസ്റ്റ് ചെയ്തു.