മഞ്‌ജു വാര്യർ യു.എ.ഇയിൽ

Tuesday 18 January 2022 12:37 AM IST

ആയിഷ അടുത്ത ആഴ്ച ആരംഭിക്കും

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ യു.എ.ഇയിൽ. നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ആയിഷ എന്ന ചിത്രത്തിൽ അഭിനയിക്കാനാണ് മഞ്ജു വാര്യർ യു.എ.ഇയിൽ എത്തിയത്. ആയിഷയിൽ മഞ്ജു വാര്യരാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുവർഷത്തിൽ മഞ്ജു വാര്യർ ആദ്യം അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ആയിഷയ്ക്ക്. നാല്പതു ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്. പൂർണമായി ഗൾഫ് രാജ്യങ്ങളിൽ ചിത്രീകരിക്കുന്ന ആദ്യ മഞ്ജു വാര്യർ ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത. യു.എ.ഇയിലെ രാജകൊട്ടാരത്തിലും ചിത്രീകരണമുണ്ട്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇവർക്കായുള്ള വർക്ക്‌ഷോപ്പ് യു.എ.ഇയിൽ ആരംഭിച്ചു. മഞ്ജു വാര്യരുടെ കഴിഞ്ഞ പിറന്നാൾ ദിനത്തിലാണ് ചിത്രം അനൗൺസ് ചെയ്തത്. മലയാളത്തിനും അറബിക്കും പുറമേ ഇംഗ്ളീഷിലും ഏതാനും ഇതര ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സംവിധായകൻ സഖറിയയാണ് ആയിഷ നിർമിക്കുന്നത്.ആഷിഫ് കക്കോടി രചന നിർവഹിക്കുന്ന ചിത്രം കുടുംബ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. എം. ജയചന്ദ്രനാണ് സംഗീതസംവിധാനം. ക്രോസ് ബോർഡർ കാമറ, ഇമാജിൽ സിനിമാസ്, ഫെദർടച്ച് ബോക്സ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്‌ണു ശർമ്മ നിർവഹിക്കുന്നു. അതേസമയം സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആൻഡ് ജി, മധുവാര്യർ സംവിധാനം ചെയ്ത ലളിതം സുന്ദരം, പ്രജേഷ് സെൻ സംവിധാനം ചെയ്ത മേരീ ആവാസ് സുനോ എന്നിവയാണ് മഞ്ജു വാര്യരുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ. ലളിതം സുന്ദരം അടുത്ത മാസം ഡിസ്‌നി ഹോട്സ‌്‌റ്റാറിൽ റിലീസ് ചെയ്യും. ജാക്ക് ആൻഡ് ജില്ലും മേരീ ആവാസ് സുനോയും തിയേറ്റർ റിലീസാണ്. നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്ത വെള്ളരിക്കാപ്പട്ടണമാണ് മഞ്ജുവാര്യർ അവസാനം അഭിനയിച്ച് പൂർത്തിയാക്കിയ ചിത്രം.