തുടരുന്ന അതിക്രമങ്ങൾ

Tuesday 18 January 2022 12:00 AM IST

കോട്ടയം: പുതുവർഷാരംഭം മുതൽ ജില്ല അക്രമസംഭവങ്ങളാൽ നിറഞ്ഞു നിൽക്കുകയാണ്. നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവം മുതൽ പത്തൊൻപതുകാരനെ കൊലപ്പെടുത്തി പൊലീസ് സ്റ്റേഷനു മുൻപിൽ കൊണ്ടിട്ട സംഭവം വരെ എത്തി നിൽക്കുന്നു അത് . ഗുണ്ടാ സംഘങ്ങളുടെ ആക്രമണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഓപ്പറേഷൻ ട്രോജൻ ഉൾപ്പെടെയുള്ള പദ്ധതികൾ പുരോഗമിക്കുമ്പോഴാണ് ജില്ലയെ നടുക്കി ഇന്നലെ പുലർച്ചെ നഗരമദ്ധ്യത്തിൽ യുവാവിനെ കൊലപ്പെടുത്തി പൊലീസ് സ്റ്റേഷനിൽ മുന്നിൽ തള്ളിയത്.

ജില്ലയിൽ സാമൂഹ്യവിരുദ്ധരുടെയും ഗുണ്ടാ സംഘങ്ങളുടെയും അക്രമം പതിവാകുകയാണ്. തിരുനക്കര, നാഗമ്പടം, തിയേറ്റർ റോഡ്, കെ.എസ്.ആർ.ടി.സി തുടങ്ങി നഗരത്തിന്റെ വിവിധയിടങ്ങളാണ് സംഘങ്ങളുടെ കേന്ദ്രങ്ങൾ. തിരുനക്കരയാണ് പ്രധാന ഇടത്താവളം. ട്രാൻ. ബസ് സ്റ്റാൻഡിനു സമീപത്തെ ഓട്ടോറിക്ഷ സ്റ്റാൻഡാണ് മറ്റൊരു കേന്ദ്രം.

പുതുവർഷാരംഭത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഗൈനക്കോളജി വാർഡിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയതായിരുന്നു ആദ്യ സംഭവം. മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞിനെ തിരികെ അമ്മയ്ക്ക് അരികിൽ എത്തിച്ചത് പൊലീസ് സേനയ്ക്ക് കൈയ്യടി നേടിക്കൊടുത്തു. എന്നാൽ, കറുകച്ചാലിൽ പങ്കാളികളെ പരസ്പരം കൈമാറിയ സംഭവം ജില്ലയെ കുപ്രസിദ്ധമാക്കി. കടുത്തുരുത്തിയിൽ അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാരുടെ പ്രത്യാക്രമണത്താൽ ഒരാൾ മരിച്ചത്, പാലായിൽ ബസിനുള്ളിൽ വിദ്യാർത്ഥിയെ പീഡിപ്പിച്ചത് എന്നിവയും ജില്ലയിലെ ക്രിമിനൽ സംഭവങ്ങളുടെ ലിസ്റ്റിലുണ്ട്.

Advertisement
Advertisement