നിസ്വാർത്ഥ സേവകൻ, നടൻ

Monday 17 January 2022 10:33 PM IST

തൃശൂർ: സൗജന്യസേവനം കൊണ്ട് രോഗികളുടെയും പൊതുജനങ്ങളുടെയുമിടയിൽ ആത്മബന്ധം സ്ഥാപിച്ച വ്യക്തിയായിരുന്നു അന്തരിച്ച ഡോക്ടർ ടി.കെ വിജയരാഘവൻ. സേവനത്തിലൂന്നിയ ജീവിതം കൊണ്ട് ഈ മേഖലയിൽ തിളങ്ങാൻ അദ്ദേഹത്തിനായി.
നാടകകൃത്ത്, മികച്ച നടൻ എന്നീ നിലകളിലും ശ്രദ്ധേയനായി. അമ്മാടത്ത് തുടങ്ങിയ ആശുപത്രിയെ തന്റെ നിസ്വാർത്ഥ സേവനത്തിനുള്ള കേന്ദ്രമാക്കി മാറ്റി. ഇറാക്കിൽ സേവനം നടത്തിയതിന്റെ പേരിലും അക്കാലത്ത് പ്രസിദ്ധനായി. ഡെപ്യൂട്ടി ഡി.എം.ഒ ആയിരുന്നു. ജില്ലാ ആശുപത്രിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂർക്കഞ്ചേരി എസ്.എൻ.ബി.പി യോഗം നിർവാഹക സമിതി അംഗം, കൂർക്കഞ്ചേരി ജെ.പി.ഇ.എച്ച്. എസ്.എസ് പൂർവ വിദ്യാർത്ഥി സംഘം പ്രസിഡന്റ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

അമ്മാടത്തെ 'അമ്മ' ആശുപത്രിയിൽ ധാരാളം രോഗികൾ സേവനം തേടിയെത്തുകയും ഡോക്ടറെ കാണാൻ മണിക്കൂറുകളോളം കാത്തിരിക്കുകയും ചെയ്തിരുന്നു. അഴീക്കോടൻ രാഘവൻ വധക്കസിലെ പ്രതി ഇഗ്‌നേഷ്യസ് എഴുതിയ ആത്മകഥ ഡോക്യുമെന്ററിയും പുസ്തകവുമാക്കാനുള്ള ശ്രമം നടത്തി വരികയായിരുന്നു. മാദ്ധ്യമ പ്രവർത്തകൻ സക്കീർ ഹുസൈൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഡോക്യുമെന്ററി നിർമ്മാണം അന്തിമ ഘട്ടത്തിലായിരുന്നു. ഡോക്ടർ വിജയരാഘവനും ഇഗ്‌നേഷ്യസും സഹപാഠികളായിരുന്നു. ഡോക്യുമെന്ററി നിർമ്മാണം അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. കെ.വേണുവുമായുള്ള അഭിമുഖം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇത് പൂർത്തിയാക്കാൻ 21ന് തീയതി നിശ്ചയിച്ചിരുന്നു. ആരോഗ്യ രംഗത്തെ അനഭിലഷണീയ പ്രവണതകളെ പ്രമേയമാക്കി ഭസ്മാസുരൻ എന്ന പേരിൽ ഡോ. വിജയരാഘവൻ നാടകം രചിച്ചിരുന്നു. ഗാന്ധിജിയെ കഥാപാത്രമാക്കി പതിറ്റാണ്ടുകൾക്ക് മുൻപ് രചിച്ച ആക്ഷേപ ഹാസ്യ നാടകം വീണ്ടും അരങ്ങിലെത്തിക്കാനുള്ള ശ്രമങ്ങളും നടത്തി വരികയായിരുന്നു.


നഷ്ടമായത് ജനകീയ ഡോക്ടറെ

ചേർപ്പ് : ഡോക്ടർ ടി.കെ വിജയ രാഘവന്റെ വിയോഗത്തിലൂടെ നഷ്ടമായത് അമ്മാടത്തിന്റെ ജനകീയ ഡോക്ടറെ. ആറ് പതിറ്റാണ്ടിലേറെയായി അമ്മാടം സെന്ററിൽ സ്വന്തമായി ക്‌ളിനിക്കിലായിരുന്നു ചികിത്സ. ആറ് തലമുറകളെ പരിചരിച്ച ഡോക്ടർ തന്റെ ക്‌ളിനിക്കിൽ വരുന്ന രോഗികൾക്ക് ഒരു സാന്ത്വനമായിരുന്നു. പ്രതിഫലം കൂടാതെ നിർദ്ധന രോഗികൾക്ക് ഉൾപ്പെടെ സൗജന്യ പരിചരണവും മരുന്നും നൽകി. സൗമ്യമായ ജീവിതത്തിനുടമയായ വിജയരാഘവൻ പാറളം പഞ്ചായത്തിലെ ഗ്രാമസ്വരം ദ്വൈവാരിക പത്രത്തിന്റെ പത്രാധിപരുമായിരുന്നു. നാടക, സാഹിത്യ, സാംസ്‌കാരിക രംഗത്തും സജീവ സാന്നിദ്ധ്യമായിരുന്നു.

Advertisement
Advertisement