വനിതകൾക്ക് നേരെ താലിബാന്റെ കുരുമുളക് പ്രയോഗം, നാണമില്ലേ എന്ന് ചോദിച്ചപ്പോൾ തോക്ക് ചൂണ്ടി ഭീകരവാദികളുടെ ഭീഷണി

Monday 17 January 2022 11:07 PM IST

കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ തൊഴിലിടങ്ങളിലെ തുല്ല്യ നീതിക്ക് വേണ്ടി സമരം ചെയ്ത വനിതകൾക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച് താലിബാൻ. ഞായറാഴ്ച വൈകുന്നേരം കാബൂൾ സർവകലാശാലയ്ക്ക് മുന്നിലാണ് സംഭവം. ഗാർഡിയൻ ഉൾപ്പെടെയുള്ള അന്തർദേശീയ മാദ്ധ്യമങ്ങൾ വാർത്ത പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്. വനിതകൾക്ക് സ്വാതന്ത്ര്യം നൽകുമെന്ന് താലിബാൻ പറയുന്നുണ്ടെങ്കിലും അതെല്ലാം ലോകരാഷ്ട്രങ്ങളുടെ പിന്തുണ നേടാനുള്ള പാഴ്‌‌വാക്കുകളാണെന്ന് പുതിയ സംഭവം വെളിപ്പെടുത്തുന്നതായി അന്തർദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയതു.

ഞായറാഴ്ച വൈകുന്നേരം സമാധാനപരമായി കാബൂൾ സർവകലാശാലയ്ക്ക് മുന്നിൽ നിന്ന് പ്രതിഷേധിക്കുകയായിരുന്ന തങ്ങളുടെ അടുത്തേക്ക് മൂന്ന് വാഹനങ്ങളിലായി താലിബാൻകാർ എത്തുകയും തങ്ങൾക്ക് നേരെ കുരുമുളക് സ്പ്രേ അടിക്കുകയുമായിരുന്നെന്ന് പ്രതിഷേധക്കാരിൽ ഒരാൾ പറഞ്ഞു. തുടർന്ന് സ്ത്രീകളെ ആക്രമിക്കാൻ നാണമില്ലേ എന്ന് ചോദിച്ചപ്പോൾ തങ്ങൾക്ക് നേരെ അവർ തോക്ക് ചൂണ്ടി വിരട്ടിയോട്ടിച്ചെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. പ്രതിഷേധക്കാരിൽ ഒരാളുടെ കണ്ണിൽ കുരുമുളക് വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവർ അറിയിച്ചു. ജീവന് ഭീഷണിയുള്ളതിനാൽ പ്രതിഷേധക്കാരാരും തങ്ങളുടെ പേരുകൾ വ്യക്തമാക്കാൻ തയ്യാറായില്ലെന്ന് വാർത്താ ഏജൻസികൾ അറിയിച്ചു.

സ്ത്രീകൾക്കെതിരെ അഫ്ഗാനിസ്ഥാനിൽ നടക്കുന്ന അനീതികൾക്കെതിരെ ദിവസേന പ്രതിഷേധങ്ങൾ ഉയർന്നുവരികയാണ്. അവയെ എല്ലാം അടിച്ചമർത്താൻ താലിബാൻ ഭരണകൂടം കാര്യമായി ശ്രമിക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ പലഭാഗങ്ങളിലും പുതിയ പ്രതിഷേധങ്ങൾ ഉയർന്നുവരികയാണ്.