അബുദാബിയിൽ വൻ സ്ഫോടനം : രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് മരണം

Monday 17 January 2022 11:42 PM IST

ദുബായ് : അബുദാബിയിൽ മൂന്ന് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ച് രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് മരണം. 6 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഒരാൾ പാകിസ്ഥാൻ സ്വദേശിയാണെന്നാണ് വിവരം. മരിച്ചവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇന്നലെ രാവിലെയായിരുന്നു ദുരന്തം .

യു.എ.ഇയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അഡ്നോക്കിന്റെ മുസഫയിലുള്ള സംഭരണ കേന്ദ്രത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ മൂന്ന് ഇന്ധന ടാങ്കറുകൾ പൊട്ടിത്തെറിച്ചു. പിന്നാലെ, അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ പുതിയ നിർമ്മാണ മേഖലയിലും വൻ തീപിടിത്തമുണ്ടായി. തീപിടിത്തം നിയന്ത്രണവിധേയമായതായി അധികൃതർ അറിയിച്ചു. രണ്ട് അപകടങ്ങൾക്കും തൊട്ടുമുമ്പ് ഡ്രോണിന് സമാനമായ വസ്തു പതിച്ചതായി അബുദാബി പൊലീസ് അറിയിച്ചു. . സംഭവത്തിൽ അബുദാബി പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം യെമനിലെ ഹൂതി വിമതർ ഏറ്റെടുത്തു. തങ്ങളുടെ സൈനിക നടപടിയായിരുന്നു സ്‌ഫോടനമെന്നാണ് അവരുടെ അവകാശവാദം.

ആക്രമണത്തെ യു.എ.ഇ അപലിച്ചു. ഇത് ഹൂതികളുടെ ആസൂത്രിത ആക്രമണമാണെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ബഹ്റൈൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു.

Advertisement
Advertisement