നിർബന്ധിച്ച് വാക്സിൻ നൽകില്ല : കേന്ദ്ര സർക്കാർ

Tuesday 18 January 2022 12:07 AM IST

ന്യൂഡൽഹി: ആരുടെയും സമ്മതമില്ലാതെ നിർബന്ധിച്ച് വാക്സിൻ നൽകില്ലെന്നും, ഏതെങ്കിലും ആവശ്യത്തിന് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടില്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ വാക്സിനേഷൻ സംബന്ധിച്ച് എവരെ ഫൗണ്ടേഷനെന്ന സന്നദ്ധ സംഘടന നൽകിയ ഹർജിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച സത്യവാങ്ങ്മൂലത്തിലാണിത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുജന താല്പര്യം മുൻനിറുത്തിയാണ് പ്രതിരോധ കുത്തിവയ്പ് നടത്തുന്നത്. അർഹതയുള്ള എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് വിവിധ പത്ര-മാദ്ധ്യമ, സോഷ്യൽ മീഡിയകളിൽ പരസ്യം നൽകിയിട്ടുണ്ട്. . കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശങ്ങളിലൊന്നും നിർബന്ധിത വാക്സിനേഷൻ പറയുന്നില്ല. വാക്സിനേഷൻ സംബന്ധിച്ച കൗൺസലിംഗിൽ പ്രതിരോധ കുത്തിവയ്പിന് ശേഷം സംഭവിക്കാനിടയുള്ള പ്രതികൂല സംഭവങ്ങളെക്കുറിച്ചും അറിയിക്കുന്നുണ്ട്

ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വാക്സിൻ എളുപ്പത്തിൽ സ്വീകരിക്കാനാകും. അവർക്ക് കൂടുതൽ വേഗത്തിൽ ആശ്രയിക്കാവുന്ന തരത്തിൽ കൊവിൻ പോർട്ടലിൽ മാറ്റങ്ങൾ വരുത്തും.കിടപ്പിലായ രോഗികൾക്ക് മൊബൈൽ വാക്സിനേഷൻ ടീം അവരുടെ താമസസ്ഥലത്ത് ചെന്ന് വാക്സിൻ നൽകുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.