പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പിടികൂടി
Tuesday 18 January 2022 12:23 AM IST
കാസർകോട്: പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കൈക്കമ്പ വെടിവെപ്പുകേസിലെ പ്രതി ഉപ്പള മജലിലെ അയാസിനെ( 37) മഞ്ചേശ്വരം പൊലീസ് അറസ്റ്റുചെയ്തു. ഹൊസങ്കടിയിൽ നടക്കുന്ന ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാൻ വരുന്നതറിഞ്ഞ് എത്തിയ മഞ്ചേശ്വരം എസ്.ഐ എൻ. അൻസാറിനെയും മറ്റൊരു പൊലീസുകാരനെയും അക്രമിച്ച ശേഷം കുതറിയോടിയ ഈയാൾ കുഴിയിൽ വീഴുകയായിരുന്നു.
കൈക്ക് പരിക്കേറ്റ ഈയാളെ പൊലീസ് തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.അയാസിന്റെ അക്രമത്തിൽ എസ്.ഐക്കും പൊലീസുകാരനും പരിക്കുണ്ട്. രണ്ടുവർഷം മുമ്പ് കൈക്കമ്പ ദേശീയ പാതയിൽ ഇരുസംഘങ്ങൾ വാഹനങ്ങളിൽ പരസ്പരം വെടിയുതിർത്ത കേസിൽ അയാസും പങ്കാളിയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ കേസിൽ രണ്ടു പേരെ കൂടെ പിടികൂടാനുണ്ട്.