കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച 10പേർ അറസ്റ്റിൽ

Tuesday 18 January 2022 1:26 AM IST

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ച പത്തു പേർകൂടി അറസ്​റ്റിലായി. ഐ.ടി ജീവനക്കാർ, പ്രൊഫഷണലുകൾ, മ​റ്റ് ഉദ്യോഗസ്ഥർ ഉൾപ്പെടെയാണ് പിടിയിലായത്. ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്തെ 410 കേന്ദ്രങ്ങളിലായിരുന്നു പരിശോധന. ജില്ലാ പൊലീസ് മേധാവിമാരുടെയും സൈബർ സെൽ വിദഗ്ദ്ധരുടെയും നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 186 ഉപകരണങ്ങൾ പിടിച്ചെടുത്തു. ചിത്രങ്ങളും വീഡിയോയും പകർത്താനും പങ്കുവയ്ക്കാനും ഉപയോഗിച്ച മൊബൈൽ ഫോണുകൾ, മോഡം, ഹാർഡ് ഡിസ്‌കുകൾ, മെമ്മറി കാർഡുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. അഞ്ചു മുതൽ 16 വയസുവരെയുളള തദ്ദേശീയരായ കുട്ടികളുടെ ചിത്രങ്ങളും വീഡിയോയുമാണ് പ്രചരിപ്പിക്കപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.


പിടിയിലായവരിൽ ഭൂരിഭാഗവും ഐ.ടി വിദഗ്ദ്ധരാണ്. ഇത്തരം ചിത്രങ്ങളും വീഡിയോയും അപ്‌ലോഡ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും സുരക്ഷിതമെന്ന് കരുതുന്ന മാർഗങ്ങളായിരുന്നു ഇവർ ഉപയോഗിച്ചിരുന്നത്. കുട്ടികളെ കടത്തുന്ന സംഘങ്ങളുമായി ഇതിൽ ചിലർക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. ഇവർ നടത്തിയ ചില ചാറ്റുകളിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണിത്. അറസ്​റ്റിലായവരുമായി ബന്ധമുള്ളവർ നിരീക്ഷണത്തിലാണെന്നും കടുത്ത നടപടികളുണ്ടാകുമെന്നും സൈബർഡോം നോഡൽ ഓഫീസർ എ.ഡി.ജി.പി മനോജ് എബ്രഹാം പറഞ്ഞു.

Advertisement
Advertisement