അഫ്ഗാൻ പുതുവർഷത്തിന് ശേഷം പെൺകുട്ടികൾക്ക് സ്കൂൾ പഠനത്തിന് അനുമതി നൽകുമെന്ന് താലിബാൻ

Tuesday 18 January 2022 2:08 AM IST

കാബൂൾ : വരുന്ന മാർച്ച് 21ന് ആരംഭിക്കുന്ന അഫ്ഗാൻ പുതുവർഷ ദിനത്തിന് ശേഷം രാജ്യമെമ്പാടുമുള്ള എല്ലാ സ്കൂളുകളിലേക്കും പെൺകുട്ടികൾക്ക് പ്രവേശനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭീകര സംഘടനയായ താലിബാൻ. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാതിലുകൾ എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും മുന്നിലേക്ക് തുറക്കാനുള്ള ആലോചനയിലാണെന്ന് താലിബാൻ നേതാവ് സബിഹുള്ള മുജാഹിദ് പറയുന്നു.

അതേ സമയം, സ്കൂളുകളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും പൂർണമായും വേർതിരിക്കുമെന്നും മുജാഹിദ് പറയുന്നു. പെൺകുട്ടികൾ സ്കൂളിൽ പോകാൻ തുടങ്ങിയാൽ അവർക്ക് താമസിക്കാൻ മതിയായ ഹോസ്റ്റലുകളും മറ്റ് സൗകര്യങ്ങളും കണ്ടെത്തുകയോ നിർമ്മിക്കുകയോ ചെയ്യുന്നത് താലിബാൻ നേരിടുന്ന പ്രധാന പ്രശ്നമാണെന്നും തങ്ങൾ വിദ്യാഭ്യാസത്തിന് എതിരല്ലെന്നും മുജാഹിദ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് പകുതിയോടെ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സ്ത്രീകൾക്ക് ജോലി സ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും താലിബാൻ ഭീകരർ വിലക്കേർപ്പെടുത്തിയിരുന്നു.