കാപ്പി വടികൊണ്ട് മൂന്നു മണിക്കൂർ മർദ്ദനം, കണ്ണിൽ വിരലുകൾ കുത്തിക്കയറ്റി; ഷാനിനെ കൊന്നത് അതിക്രൂരമായി

Tuesday 18 January 2022 7:19 AM IST

കോട്ടയം: ഷാൻ വധത്തിൽ ഇൻക്വസ്റ്റ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ക്രൂരമർദ്ദനമാണ് യുവാവ് നേരിട്ടത്. ദേഹത്ത് മർദ്ദനമേറ്റതിന്റെ 38 പാടുകൾ ഉണ്ട്. കാപ്പിവടി കൊണ്ടാണ് ഷാനെ ആക്രമിച്ചതെന്ന് കേസിലെ മുഖ്യപ്രതിയായ ജോമോൻ പൊലീസിനോട് പറഞ്ഞു.

ഷാനെ വിവസ്ത്രനാക്കി മൂന്ന് മണിക്കൂറോളം മർദ്ദിച്ചു. കണ്ണിൽ വിരലുകൾ കൊണ്ട് കുത്തി. സുഹൃത്തായിരുന്ന ഷാന്റെ കൂറുമാറ്റമാണ് പകയ്ക്ക് കാരണമെന്നും ജോമോൻ മൊഴി നൽകി. കേസിൽ ഇന്ന് കൂടുതൽ പേരെ അറസ്റ്റ് ചെയ്‌തേക്കും. ജോമോനെ കൂടാതെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളും സഹായികളായ 13 പേരും കസ്റ്റഡിയിലുണ്ട്.

ഞായറാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന യുവാവിനെ ഗുണ്ടാനേതാവായ ജോമോൻ തട്ടിക്കൊണ്ടുപോയി തല്ലിക്കൊല്ലുകയായിരുന്നു. ഇന്നലെ പുലർച്ചെ മൂന്നരയോടെ ഷാന്റെ മൃതദേഹം ചുമലിലേറ്റിയാണ് ഇയാൾ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിട്ടത്. ജോമോനെ ഏറ്റുമാനൂരിലെ ഹൈടെക് സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്.