രാത്രിയിൽ തട്ടുകടക്കാരനും ഓട്ടോഡ്രൈവറുമായി 'കേഡി ജോമോൻ' നഗരത്തിലെത്തും, തട്ടുകട ഗുണ്ടാ താവളം, അവിടെ വിളമ്പുന്നത് ഭക്ഷണം മാത്രമല്ല

Tuesday 18 January 2022 10:29 AM IST

കോട്ടയം: ജോമോൻ അടക്കമുള്ള ഗുണ്ടകളെ വളർത്തുന്നതിൽ നഗരത്തിലെ ഒരു വിഭാഗം പൊലീസുകാർക്കും പങ്കുണ്ട്. ഇയാളെപ്പോലുള്ള ഗുണ്ടകൾ പൊലീസിന്റെ പ്രധാന 'സോഴ്സാ'ണ്.

ഓട്ടോഡ്രൈവറായി എത്തി, നഗരത്തിലെ ക്രിമിനൽ സംഘങ്ങളുടെ നേതൃത്വത്തിലേയ്ക്ക് വളർന്നത് പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെതന്നെയാണ്.

രാത്രിയിൽ തട്ടുകടക്കാരനായും ഓട്ടോ ഡ്രൈവറായും നഗരത്തിലെത്തുന്ന ജോമോൻ, ലഹരി ഇടപാടുകളിലും കണ്ണിയാണ്. ഏതാനും നാളുകളായി ടി.ബി. റോഡിൽ ഇയാളുടെ നേതൃത്വത്തിൽ തട്ടുകട നടത്തുന്നുണ്ട്. ഇവിടെ ഗുണ്ടാ സംഘങ്ങളുടെ താവളമാണെന്ന് പ്രദേശ വാസികൾ പറയുന്നു.

എന്നാൽ ഇവിടെ എന്താണ് വിൽക്കുന്നതെന്ന് അന്വേഷിക്കാനോ, അസമയത്തെ പ്രവർത്തനം അവസാനിപ്പിക്കാനോ പൊലീസ് മെനക്കെടുന്നുമില്ല. അതേസമയം കെ.എസ്.ആർ.ടി.സി പരിസരത്ത് ലൈസൻസോടെ നികുതി നൽകി പ്രവർത്തിക്കുന്ന കച്ചവടക്കാരോട് പന്ത്രണ്ട് മണിക്ക് മുൻപ് കട അടയ്ക്കണമെന്ന് പൊലീസ് നിർദേശവും നൽകിയിട്ടുണ്ട്.

സ്വയം കേഡിയായ ജോമോൻ

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ജോമോൻ അറിയപ്പെടുന്നത് കേഡി ജോമോനെന്നാണ്. നവംബർ 19ന് ഇയാളെ കാപ്പ ചുമത്തി പൊലീസ് നാടുകടത്തിയിരുന്നു. വധശ്രമം, ദേഹോപദ്രവം, അതിക്രമിച്ചു കയറി വസ്തുവകകൾ നശിപ്പിക്കുക തുടങ്ങിയ കേസുകളിൽ പ്രതിയായതോടെയാണ് ഇയാളെ നാടുകടത്തിയത്‌.


എന്നാൽ കാപ്പയിൽ ഇളവു നേടി ഇയാൾ വീണ്ടും ജില്ലയിൽ എത്തുകയായിരുന്നു. ആഴ്ചയിൽ ഒരു ദിവസം കോട്ടയം ഡിവൈ.എസ്.പി ഓഫീസിൽ എത്തി ഒപ്പിടണമെന്ന ഉപാധിയോടെയാണ് കോടതി ഇളവ് അനുവദിച്ചത്. ഈ ഇളവും ഉപാധികളും നിലനിൽക്കുമ്പോഴാണ് അതിക്രൂരമായ കൊലപാതകം നടത്തിയത്. ഏതാനും മാസം മുമ്പ് നഗരത്തിനു സമീപം മറ്റൊരു ഓട്ടോറിക്ഷാ ഡ്രൈവറെ ഇയാൾ ക്രൂരമായി മർദിച്ചിരുന്നു. മറ്റു പല കേസുകളിലും പ്രതിയായ ഈ ഓട്ടോഡ്രൈവർ ആഴ്ചകൾ കഴിഞ്ഞാണ് ആശുപത്രിവിട്ടത്.

ലുലുമാളിൽ ബോംബു ഭീഷണിയും
ഏതാനും വർഷം മുമ്പ് ലുലുമാളിൽ ബോംബ് ഭീഷണി മുഴക്കിയ കേസിലും ജോമോൻ പ്രതിയാണ്. കുന്നത്തുകളത്തിൽ ജ്വലറിയിലെ കവർച്ചാ കേസിലെ പ്രതിയും ജോമോനും ചേർന്നാണ് അന്ന് ഭീഷണി മുഴക്കിയത്.

Advertisement
Advertisement