അവർക്ക് നാം എന്തു നല്‌കി ?

Wednesday 19 January 2022 1:00 AM IST

അടുത്തകാലത്ത് പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നി‌ർമ്മിക്കുന്ന ഒരു കെട്ടിടത്തിൽ ജോലി ചെയ്യാനെത്തിയ ഒറീസ സ്വദേശിയായ തൊഴിലാളിയോട് സംസാരിക്കുകയുണ്ടായി. അയാളുടെ അഭിപ്രായത്തിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, ചെയ്യുന്ന ജോലിക്കു മാന്യമായി മുഴുവൻ പണവും ലഭിക്കുന്നത് കേരളത്തിൽ മാത്രമാണ്. അയാൾ ഒരു ദിവസം രാവിലെ എട്ട് മുതൽ രണ്ടു വരെയുള്ള ഷിഫ്റ്റിൽ ജോലി ചെയ്യും. അതിനുശേഷം വേറെ ജോലി ഇല്ലാത്തതിനാൽ കോൺട്രാക്ടറോട് ചോദിച്ചിട്ട് രാത്രി എട്ടുമണി വരെ ജോലി ചെയ്യും. അങ്ങനെ മാസം ഏകദേശം 40000 രൂപ വരുമാനം ലഭിക്കുന്നു. അയ്യായിരം രൂപ ചെലവുകൾക്കെടുത്ത് ബാക്കി പണം നാട്ടിലേക്ക് അയച്ചു കൊടുക്കുകയും ചെയ്യുന്നു. മറ്റ് അന്യ സംസ്ഥാന തൊഴിലാളികൾക്കൊപ്പം വലിയൊരു മുറിയിലാണ് താമസം.

കേരളത്തിൽ സോഷ്യൽ ഹിസ്റ്ററി സെന്റർ നടത്തിയ പഠനപ്രകാരം ഏകദേശം അൻപതുലക്ഷം അന്യസംസ്ഥാന തൊഴിലാളികൾ ഇവിടെ ജോലിചെയ്യുന്നു. 2019 ൽ 4850000 ആളുകൾ കേരളത്തിലുണ്ടായിരുന്നു. ആളുകളുടെ എണ്ണത്തിൽ ഓരോ വർഷവും ഏകദേശം മൂന്നുലക്ഷത്തിന്റെ വർദ്ധനയുമുണ്ട്. ഭവനനിർമാണം, കൃഷിപ്പണികൾ, കൂലിപ്പണികൾ, റബ്ബർ ടാപ്പിങ്, സിനിമ തീയറ്റർ, ഭക്ഷണശാലകൾ, ജിം, സെക്യൂരിറ്റി ജോലികൾ തുടങ്ങി കേരളത്തിലെ എല്ലാ മേഖലകളിലും അന്യസംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്നതാണ് അതിന്റെ കാരണം. 2017 ലെ കണക്കുകൾ നോക്കുമ്പോൾ ഇങ്ങനെ തൊഴിലെടുത്തത്

വിപുലമായ 1,32,000 കോടി രൂപയാണ് ശമ്പളമായി അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ നിന്നും സമ്പാദിച്ചത്. മറ്റൊരു ഒരു ലേഖനം വായിച്ചതിൽ നിന്നും മനസിലാക്കാൻ സാധിച്ചത് അമ്പതുലക്ഷം ആളുകൾ കേരളത്തിൽ ജോലി ചെയ്തതിലൂടെ ലഭിച്ച ശമ്പളം കൊണ്ട് സ്വന്തം സംസ്ഥാനങ്ങളായ ഒറീസ, ഛത്തീസ്ഗഡ്, ബീഹാർ എന്നിവിടങ്ങളിൽ നിലനിന്നിരുന്ന ദാരിദ്ര്യ പ്രശ്നങ്ങൾ അകറ്റാൻ സാധിച്ചു. മറ്റു സംസ്ഥാനങ്ങളിലെ ജീവിതസൗകര്യങ്ങളും മറ്റും മെച്ചപ്പെട്ടത് അന്യസംസ്ഥാന തൊഴിലാളികൾ ഇവിടെവന്ന് പണിയെടുക്കുന്നതിലൂടെയാണ്.
ഇപ്പോൾ അന്യസംസ്ഥാന തൊഴിലാളികൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ 25 ശതമാനം ഉയർന്നതിനും ഒരു കാരണം ഈ തൊഴിലാളികളുടെ നിസ്വാർത്ഥ സേവനം തന്നെയാണ്. അവരുടെ സഹായവും സഹകരണവും ഇത്രയും ലാഭമുണ്ടാക്കിയിട്ടും അവർക്ക് നാം എന്തു നല്കി എന്നത് ആലോചിക്കേണ്ട ഒന്നാണ്. അവർക്ക് താമസിക്കാൻ ആലയം, അപ്പ്ന ഘർ എന്ന രണ്ടു പദ്ധതികൾ സർക്കാർ വിഭാവനം ചെയ്തെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല. അതുകൊണ്ട് ഇവരുടെ താമസ സൗകര്യങ്ങളും മറ്റും ഇപ്പോഴും കോൺട്രാക്ടർമാരാണ് നോക്കുന്നത്. അനേകമാളുകൾ ഒരുമിച്ച് താമസിക്കുന്നത് തന്നെ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. കൊവിഡ് സാഹചര്യങ്ങൾ നിലനില്‌ക്കുമ്പോൾ അവർക്ക് വാക്സിൻ നല്കുന്നതിൽ പോലും പലതരം അരക്ഷിതാവസ്ഥ നിലനില്‌ക്കുന്നുണ്ട്. നാം വാക്സിൻ സ്വീകരിച്ചെങ്കിലും വാക്സിനെടുക്കാത്ത അവരുമായുള്ള സമ്പർക്കം മൂലം നമുക്കും അസുഖം പകരാനുള്ള സാധ്യതയുണ്ട്. ലേബർ ഡിപ്പാർട്ട്‌മെന്റ് മൂന്ന് മുതൽ നാല് ലക്ഷം ആളുകൾക്ക് വരെ വാക്സിൻ കൊടുത്തെന്ന് പറയുന്നുണ്ടെങ്കിലും ഇപ്പോഴും പൂർണമായിട്ടില്ല. ഇത്തരം കാര്യങ്ങളിൽ അവർക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ വരുമ്പോൾ അസുഖം പടർന്നുപിടിക്കാനുള്ള സാഹചര്യം എത്ര വലുതായിരിക്കും .

മറ്റൊന്ന് അവരുടെ കുട്ടികളുടെ വിദ്യാഭ്യാസരംഗമാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ പഠനത്തിന് നാം ഒരു സഹായവും ചെയ്യുന്നില്ല. പാലക്കാട് ഒരു അന്യസംസ്ഥാന തൊഴിലാളിയുടെ മകൾ ഉയർന്ന മാർക്കോടെ എസ്.എസ്.എൽ.സി പരീക്ഷ പാസായതും, മറ്റൊരു തൊഴിലാളിയുടെ മകൾ ഡിഗ്രി പരീക്ഷയിൽ യൂണിവേഴ്സിറ്റി റാങ്ക് നേടിയതും ഈയടുത്ത് നാം പത്രത്തിൽ വായിച്ചറിഞ്ഞതാണ്. അവരുടെ കുട്ടികൾക്ക് പഠന സാഹചര്യങ്ങളും മറ്റും ഒരുക്കിക്കൊടുത്താൽ അവരും ഉയർന്നുവരും എന്നതിന് ഉത്തമ ഉദാഹരണമാണ് ഇത്തരം വാർത്തകൾ.

ജയിലിലും അന്യസംസ്ഥാന തൊഴിലാളികളുടെ അവസ്ഥ വളരെ മോശമാണ്. 700 മുതൽ 1000 വരെ അന്യസംസ്ഥാന തൊഴിലാളികൾ എപ്പോഴും നമ്മുടെ ജയിലുകളിലുണ്ടാവും. അവരുടെ കേസുകൾ യഥാസമയം നടക്കുന്നില്ല, കോടതിയിൽ അവരെ ഹാജരാക്കുന്നില്ല, റിമാൻഡ് കാലാവധി തുടർച്ചയായി നീട്ടിക്കൊണ്ടു പോകുന്നു, ചെറിയ കേസാണെങ്കിൽ കൂടി വിധി പ്രസ്താവിക്കാൻ സമയം എടുക്കുന്നു. കേരള ലീഗൽ സർവീസ് അതോറിറ്റി നിലനില്ക്കുമ്പോഴും ഭാഷ പ്രശ്നം മൂലം ഈ സഹായങ്ങൾ കിട്ടുന്നില്ല, വക്കീൽ കേസ് വാദിക്കാൻ വൻതുക ഇവരിൽ നിന്നും അന്യായമായി വാങ്ങിക്കുകയും അവർക്ക് വേണ്ടി വാദിക്കാൻ കൂട്ടാക്കാതെ ഇരിക്കുകയും ചെയ്തതായി നിരവധി പരാതികൾ ഈ ലേഖകൻ മനസിലാക്കിയതാണ്. ഈ പരാതികൾ എല്ലാം ഹൈക്കോടതിയുടെ മുന്നിൽ വരെ സമർപ്പിച്ചതാണ്. ഇതിനായി ഒരു പ്രത്യേകം സംവിധാനം കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്. ചില അവസരങ്ങളിൽ ഇവിടെ കുറ്റം ചെയ്‌ത് ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്നാൽ അവരെ സ്വന്തം സംസ്ഥാനങ്ങളിലെ ജയിലുകളിൽത്തന്നെ അയയ്‌ക്കാവുന്നതാണ്. എന്നാൽ അതിനുവേണ്ടി നിരവധി തവണ ഞാൻ കത്തയച്ചിട്ടും ആരുമത് ഗൗരവമായി എടുത്തിട്ടില്ല എന്നതാണ് വാസ്തവം.

കേരളത്തിന്റെ കാലാവസ്ഥ നല്ലരീതിയിൽ മനസിലാക്കുകയും, കേന്ദ്ര സർക്കാർ തന്നെ തീരുമാനിച്ചിരിക്കുന്ന നിശ്ചിതതുക അവർക്ക് ലഭിക്കുകയും ചെയ്യുന്നതിനാലാണ് തൊഴിലിനായി മൈഗ്രന്റ്സ് ഇവിടെ വരുന്നതും നമ്മുടെ ജോലിഭാരം കുറക്കുന്നതും. അപ്പോൾ അവർക്ക് വേണ്ട അത്യാവശ്യകാര്യങ്ങൾ നടത്തിക്കൊടുക്കേണ്ടത് നമ്മുടെ കടമ കൂടിയാണ്.

Advertisement
Advertisement