സ്‌നേഹത്തിന്റെ പ്രഫുല്ലത

Wednesday 19 January 2022 12:00 AM IST

സ്വന്തം പേര് തീരുമാനിക്കുന്നതിൽ ഒരു വ്യക്തിക്ക് ഒരു പങ്കുമില്ല. കുഞ്ഞ് വളരുമ്പോൾ പേരും പ്രവൃത്തിയും തമ്മിൽ പൊരുത്തമുണ്ടാവുമോ എന്ന് പേരിടുമ്പോൾ പ്രവചിക്കാനാവില്ല. മാതാപിതാക്കൾ നല്‌കിയ പേര് സ്വജീവിതം
കൊണ്ട് അന്വർത്ഥമാക്കാൻ ചിലർക്കേ കഴിയൂ. അത്തരത്തിലൊരു പേരാണ് ടി.കെ. ദിവാകരൻ. ധിഷണയുടെ പ്രകാശം പ്രസരിപ്പിച്ച് ജീവിതമധ്യാഹ്നം കടന്നപ്പോൾ തന്നെ അണഞ്ഞു പോയ കേരള രാഷ്ട്രീയത്തിലെ സൂര്യസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. 1976 ജനുവരി 19 ന് 55 -ാം വയസിൽ ഹൃദ്രോഗബാധയെത്തുടർന്ന് ടി. കെ. ദിവാകരൻ വിടവാങ്ങിയപ്പോൾ, കേരളത്തിന് അകാലത്തിൽ നഷ്ട്ടപ്പെട്ടത് ബുദ്ധികൊണ്ടും യുക്തികൊണ്ടും അനുഭവസിദ്ധികൊണ്ടും തലയെടുപ്പോടെ നില്ക്കാൻ കെല്‌പ്പുണ്ടായിരുന്ന നേതാവിനെയായിരുന്നു. എഴുപതുകളുടെ അവസാന
വർഷങ്ങളിൽ സിവിൽ സർവീസിൽ പ്രവേശിച്ച എനിക്ക് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞില്ല. പക്ഷേ നേതാക്കളെ അകലെ നിന്നറിയാൻ ശ്രമിച്ചിരുന്ന എന്റെ തലമുറയിൽപ്പെട്ടവർക്ക് രാഷ്ട്രീയരംഗത്തെ ഗ്ലാമർ താരമായിരുന്നു ടി.കെ. ദിവാകരൻ. ഗൗരവമാർന്നതും എന്നാൽ സൗമ്യവുമായ മുഖം, മിതത്വമുള്ള പെരുമാറ്റം, മറുചേരിയിലുള്ളവരുടെ പോലും ആദരം പിടിച്ചുപറ്റുന്ന നിലപാടുകൾ. പ്രശംസനീയവും മാതൃകാപരവും അനുകരണീയവുമായ അനവധി ഗുണവിശേഷണങ്ങൾക്ക് അർഹനായി, എന്റെ ഇരുപത്തിരണ്ടു വയസിലെ ഓർമ്മയിൽ അദ്ദേഹത്തിന്റെ രൂപം അന്നേ മുദ്രിതമായി. 'ഗുണികളൂഴിയിൽ നീണ്ടു വാണിടാ - ' എന്ന കവിവാക്യത്തെ സാധൂകരിച്ചുകൊണ്ടു ആ സൂര്യൻ പൊലിഞ്ഞിട്ട് ഇന്നേക്ക് നാല്പത്തിയാറ് വർഷമാകുന്നു. കഴിഞ്ഞ നാല് ദശകങ്ങൾ അനിതര സാധാരണമായ മാറ്റങ്ങളുടെ കാലഘട്ടമായിരുന്നു. എഴുപതുകളിൽ നാം ജീവിച്ച ലോകം (അഥവാ ടി.കെ. പ്രവർത്തിച്ച സമൂഹം) തിരിച്ചറിയാനാവാത്ത വിധം മാറിപ്പോയി. ചരിത്രം ഈ കാലയളവിൽ അനേകം മൂല്യങ്ങളെയും ബോദ്ധ്യങ്ങളെയും പ്രതീക്ഷകളെയുമൊക്കെ തകിടം മറിച്ചുകളഞ്ഞു. ടി. കെ ദിവാകരനെ അടയാളപ്പെടുത്തുന്ന നേട്ടങ്ങളും സ്വഭാവസവിശേഷതകളും വ്യക്തിത്വവും ഈ മാറ്റങ്ങൾക്കുള്ളിലും, സമകാലിക സമൂഹത്തിൽ പ്രസക്തമാണോ? സ്വന്തം ജീവിതസാഹചര്യങ്ങളെയും, നടന്നുവന്ന വഴികളെയും, ആ വഴികളിൽ തന്നെപ്പോലെയോ തന്നെക്കാളേറെയോ ദുരിതവും അവഗണനയും അനുഭവിക്കുന്ന മനുഷ്യജീവിതങ്ങളെയും ഒരിക്കലും മറക്കാതിരിക്കാനുള്ള ഹൃദയാലുത്വം ടി.കെയുടെ പൊതുപ്രവർത്തനത്തിന്റെ അടിത്തറയാണ്. പിന്നീട് ഊർജ്ജസ്വലനായ ട്രേഡ് യൂണിയൻ പ്രവർത്തകനും രാഷ്ട്രീയ നേതാവും നഗരസഭാ അദ്ധ്യക്ഷനും മന്ത്രിയും ഒക്കെയായി വളർന്നപ്പോഴും ഈ അടിസ്ഥാന പ്രതിബദ്ധത ദുർബലമായില്ലെന്നു മാത്രമല്ല, കൂടുതൽ ദൃഢമാവുകയായിരുന്നു. നിയമസഭാ സാമാജികനെന്ന നിലയിൽ നിയമനിർമ്മാണത്തിൽ അദ്ദേഹം കാണിച്ച സൂക്ഷ്മതയും അറിവും വിവേകവും അന്യാദൃശമാണ്.

ബ്രിട്ടീഷ് പാർലമെന്ററി കീഴ്‌വഴക്കങ്ങളുൾപ്പെടെ ആവശ്യമായ ബൗദ്ധിക വിഭവങ്ങൾ ശേഖരിക്കാനും പഠിക്കാനും അദ്ദേഹം അസാമാന്യമായ നിഷ്‌കർഷ പുലർത്തി. സാമാന്യ വിദ്യാഭ്യാസം മാത്രം സിദ്ധിച്ച ഒരാൾക്ക് ഇത്രയും ധിഷണാപരമായ ഔന്നത്യത്തിലെത്താൻ സാധിച്ചതിനു പിന്നിൽ ആവേശപൂർവമുള്ള വായനയും കഠിനാദ്ധ്വാനവും അടിസ്ഥാനപരമായ നിലപാടുകളിലുള്ള വിട്ടുവീഴ്ചയില്ലായ്മയുമായിരുന്നു. വ്യക്തിപരമായ ഉത്‌ക്കർഷത്തിനും നേട്ടത്തിനുമുള്ള കുറുക്കുവഴിയായിരുന്നില്ല ടി. കെ ദിവാകരന് രാഷ്ട്രീയ പ്രവർത്തനം. തന്റെ വിശ്വാസങ്ങളെ പിന്തുടർന്ന്, ജനാധിപത്യ ഭരണത്തിന്റെ സംരക്ഷണവും പ്രയോജനവും സാധാരണക്കാർക്കും നിസ്വർക്കും ലഭ്യമാക്കണമെന്ന നിർണയത്തിന്റെ കർമ്മഭാഷ്യമായിരുന്നു അദ്ദേഹത്തിന്റെ പൊതുപ്രവർത്തനം. ആ അടിസ്ഥാന മമതയാണ് ടി.കെയെ തൊഴിലാളി പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയും മികച്ച ഭരണകർത്താവുമാക്കിയത്.
അധികാരം അദ്ദേഹത്തിന് ആത്യന്തിക ലക്ഷ്യമായിരുന്നില്ല; മനുഷ്യജീവിതം
മെച്ചപ്പെടുത്താനുള്ള ഉപകരണമായിരുന്നു. അധികാരക്കസേരയുടെ വലിപ്പത്തിൽ അദ്ദേഹത്തിലെ സ്വാതന്ത്ര്യ സമരസേനാനിയും തൊഴിലാളി നേതാവും ഒരിക്കലും അദൃശ്യരായില്ല. വിശ്വാസദാർഢ്യവും വിശദാംശങ്ങളിലേയ്ക്ക് പോകാനുള്ള ആർജവവും, ചുവപ്പുനാടയുടെ കുരുക്കഴിക്കാനുള്ള വൈഭവവും ഏറ്റെടുത്ത ഏതു പ്രവൃത്തിയിലും നൂതന സംഭാവനകൾ കാഴ്ചവയ്ക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കി. നഗരസഭാദ്ധ്യക്ഷനായപ്പോൾ കൊല്ലം പട്ടണത്തിന്റെ ഗതകാലപ്രഭാവം വീണ്ടെടുക്കാൻ വേണ്ട ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തനങ്ങൾക്കു
തുടക്കമിട്ടു. നിയമസഭയിൽ വിവിധ കമ്മിറ്റികളുടെ ചെയർമാനായി പ്രവർത്തിച്ച ടി.
കെ നിയമനിർമ്മാണത്തിൽ വഹിച്ച പങ്ക് നിസ്തുലമായിരുന്നു. മന്ത്രിയല്ലാതെ
തന്നെ നിയമസഭാകക്ഷി നേതാവായി. നമ്മുടെ ജനാധിപത്യ ചരിത്രത്തിലെ
പാഠപുസ്തകങ്ങളാണ് അദ്ദേഹത്തിന്റെ നിയമസഭാ പ്രസംഗങ്ങൾ. പൊതുമരാമത്ത്, ജലസേചനം, ടൂറിസം, മുനിസിപ്പാലിറ്റികൾ എന്നീ വകുപ്പുകളുടെ മന്ത്രിയായി ആ വകുപ്പുകൾക്ക് അദ്ദേഹം ദിശാബോധവും നവചൈതന്യവും പകർന്നു നല്‌കി. തന്റെ വകുപ്പുകളെക്കുറിച്ചു സമഗ്രമായ അറിവും സൂക്ഷ്മാംശങ്ങളിൽ ശ്രദ്ധയുമുണ്ടായിരുന്നു. അത്തരമൊരു മന്ത്രിക്കു മാത്രമേ ഉദ്യോഗസ്ഥരിൽ നിന്ന് മികച്ച പ്രവർത്തനം നേടാനാകൂ; പല്ലനയിലെ കുമാരകോടിയിലെ ആശാൻസ്മാരകത്തിന് ശാപമോക്ഷം നല്‌കിയതും അദ്ദേഹമായിരുന്നു. ഭരണയന്ത്രത്തെ എങ്ങനെ പ്രവർത്തിപ്പിക്കാമെന്ന രസതന്ത്രം വശമായിരുന്നു. രാഷ്ട്രീയ വ്യത്യാസങ്ങൾ നിലനില്‌ക്കുമ്പോഴും എല്ലാ നേതാക്കളോടും ഹൃദ്യമായ ബന്ധം പുലർത്തി. യുക്തിഭദ്രതയും നയതന്ത്രജ്ഞതയും അദ്ദേഹത്തിന്റെ നേതൃത്വശൈലിയെ നിർവചിച്ചു.

നാലര പതിറ്റാണ്ടുകളിലെ അഭാവം ടി.കെ ദിവാകരനെന്ന നേതാവിനെ വിസ്മൃതനാക്കിയില്ല. കൂടുതൽ പ്രസക്തനാക്കി. അദ്ദേഹം സ്വായത്തമാക്കിയ നേതൃത്വമൂല്യങ്ങളും പൊതുജീവിത ശൈലിയും ജ്ഞാനതൃഷ്ണയും ജനാധിപത്യബോധവും വ്യക്തിപ്രഭാവവും മറ്റെന്നത്തേക്കാളും വിലപ്പെട്ടവയായി മാറുന്ന ചരിത്രഘട്ടത്തിലാണല്ലോ നാം. പൊതുജീവിതത്തിൽ വ്യക്തിവിരോധങ്ങൾ വ്യാപകമാവുകയും അഭിപ്രായ വ്യത്യാസങ്ങൾ ശത്രുതയും വിദ്വേഷവുമായി മാറുകയും ചെയ്യുന്ന കാലുഷ്യം കലർന്ന വർത്തമാനകാലത്ത് ടി.കെ ദിവാകരൻ എന്ന നേതാവിന്റെ ഓർമ്മ പൊതുജീവിതത്തിലെ മാന്യതയുടെയും ശുദ്ധിയുടെയും സൂര്യകിരണമാകട്ടെ എന്നാശിക്കാം. അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ കെ. ബാലകൃഷ്ണൻ എഴുതിയ കുറിപ്പിൽ മനുഷ്യസ്‌നേഹത്തിന്റെ പ്രഫുല്ലത എന്ന് സഹജശൈലിയിൽ ടി.കെ ദിവാകരനെ വിശേഷിപ്പിക്കുകയുണ്ടായി. ആ പ്രയോഗം കാലത്തിന്റെ ആകാശത്തിലൂടെ നീന്തി നമ്മളിലെത്തുമ്പോൾ അർത്ഥം വയ്ക്കുന്ന അശരീരിയാവുകയാണ്. പൊതുജീവിതം എങ്ങനെയായിരിക്കണമെന്ന് കാച്ചിക്കുറുക്കിയ നിർവചനമായി ആ വിശേഷണം പരിണമിച്ചിരിക്കുന്നു. അവിടെയാണ് ടി.കെ. ദിവാകരന്റെ ഓർമ്മദിനത്തിന്റെ നവാർജ്ജിതപ്രസക്തി.

Advertisement
Advertisement