ധനുഷിനും ഐശ്വര്യക്കും തമ്മിൽ പരസ്പര വൈരാഗ്യമോ ദേഷ്യമോ ഇല്ലെന്ന് കുടുംബ സുഹൃത്തുക്കൾ, ദമ്പതികൾ വേർപിരിയാനുള്ള കാരണത്തിന് പിന്നിലെന്ത്?

Tuesday 18 January 2022 7:53 PM IST

ചെന്നൈ: ഇന്ത്യൻ സിനിമാലോകത്തെ തന്നെ ഞെട്ടിച്ച വാർത്തകളിലൊന്നായിരുന്നു തമിഴ് നടൻ ധനുഷും രജനീകാന്തിന്റെ മകൾ ഐശ്വര്യയും തമ്മിലുള്ള വിവാഹമോചനം. ഇരുവരും തമ്മിൽ വ്യക്തിവൈരാഗ്യമോ ദേഷ്യമോ ഇല്ലായിരുന്നെന്നും വേർപിരിയാനുള്ള തീരുമാനം കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ദമ്പതികൾ പരസ്പരം ചർച്ച ചെയ്തെടുത്ത തീരുമാനമായിരുന്നെന്നും കുടുംബസുഹൃത്തുക്കൾ പറഞ്ഞു. ദമ്പതികളുടെ രണ്ട് മക്കളെയും ഇരുവരും ചേർന്ന് വളർത്തുമെന്നും ഭാവിയിൽ ഇവരെ ഒരുമിച്ച് ഒരേവേദിയിൽ കണ്ടാലും അത്ഭുതപ്പെടേണ്ടതില്ലെന്നും സുഹൃത്തുക്കൾ പറഞ്ഞു.

ജോലിയോടുള്ള ധനുഷിന്റെ അമിത സ്നേഹമാണ് 18 വ‌ർഷം നീണ്ട ദാമ്പത്യജീവിതത്തിൽ വിള്ളൽ വീഴ്ത്തിയതെന്ന് സുഹൃത്ത് പറഞ്ഞു. ഐശ്വര്യയുമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ധനുഷ് ഉടനെ പുതിയ ചിത്രത്തിന്റെ കരാർ ഒപ്പുവയ്ക്കുമെന്ന് ഇദ്ദേഹം പറയുന്നു. ഐശ്വര്യയുമായി ഉണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്നതിന് വേണ്ടി ധനുഷ് പലപ്പോഴും സിനിമയെ ഒരു മറയാക്കിയിരുന്നെന്നും സ്വതവേ അന്തർമുഖനായ ധനുഷിന് പലകാര്യങ്ങളും തുറന്നു സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നെന്നും സുഹൃത്തുക്കൾ വ്യക്തമാക്കി.

പുറംലോകത്തിന് ഒരുപക്ഷേ ഇരുവരുടെയും വിവാഹമോചന വാ‌ർത്ത ഞെട്ടലുളവാക്കുന്ന കാര്യമാണെങ്കിലും ഇരുവരെയും അടുത്ത് അറിയുന്നവർ ഇത് എന്നെങ്കിലും ഒരിക്കൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും സുഹൃത്ത് പറഞ്ഞു. കുട്ടികൾ രണ്ട് പേരും വളരാൻ വേണ്ടിയായിരുന്നു ഇരുവരും ഇത്രയും നാൾ കാത്തിരുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.