ദൗത്യം വിജയം, യോഗിക്കെതിരെ അഖിലേഷ് യാദവിന്റെ പൂഴിക്കടകൻ, യു പി തിരഞ്ഞെടുപ്പിൽ കളത്തിലിറങ്ങാൻ വരുന്നു മമത 

Tuesday 18 January 2022 9:15 PM IST

ലക്നൗ : യു പി തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കവേ യോഗിക്കെതിരെ അഖിലേഷ് യാദവിന്റെ മിന്നൽ നീക്കം. മോദി വിരുദ്ധതയിൽ രാജ്യത്ത് ഒന്നാമതുള്ള സാക്ഷാൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനർജിയെ കളത്തിലിറക്കാനാണ് സമാജ്‌വാദി പാർട്ടിയുടെ തീരുമാനം.

ഇതിനായി ചൊവ്വാഴ്ച കൊൽക്കത്തയിൽ മമത ബാനർജിയെ കണ്ട എസ്പി വൈസ് പ്രസിഡന്റ് കിരൺമോയ് നന്ദ മമതയുടെ സമ്മതം നേടിക്കഴിഞ്ഞു. സംയുക്ത വെർച്വൽ റാലിക്ക് ശേഷം വാർത്താ സമ്മേളനവും നടക്കും. ലക്നൗവിലെ റാലിക്ക് ശേഷം മോദിയുടെ തട്ടകമായ വാരണാസിയിൽ ഒരു വെർച്വൽ റാലി നടത്താനും ഇരു നേതാക്കളും പദ്ധതിയിടുന്നുണ്ട്. യുപി തിരഞ്ഞെടുപ്പിൽ എസ്പിക്ക് പിന്തുണ നൽകാൻ മമതയുടെ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ഇതിനാൽ യുപിയിൽ ടിഎംസി സ്ഥാനാർത്ഥികളെ നിർത്തില്ല.

'ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ മമത ബാനർജി പോരാടിയ രീതി അഭൂതപൂർവമായിരുന്നു. ബിജെപിക്കെതിരെ അവർ നടത്തിയ പോരാട്ടം രാജ്യം മുഴുവൻ കണ്ടു. ഞങ്ങളുടെ പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവും യുപി നിയമസഭയിൽ അവർ ഞങ്ങൾക്ക് വേണ്ടി പ്രചാരണം നടത്തണമെന്ന് ആഗ്രഹിക്കുന്നു. ആവശ്യമെങ്കിൽ പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് ബാനർജി അഖിലേഷ് യാദവിനോട് നേരത്തെ അറിയിച്ചിരുന്നു,' നന്ദ തിങ്കളാഴ്ച പിടിഐയോട് പറഞ്ഞു. ബി.ജെ.പിയുടെ കടുത്ത വെല്ലുവിളിയെ നേരിട്ട് തുടർച്ചയായ മൂന്നാം തവണയും പശ്ചിമ ബംഗാളിൽ ടിഎംസിയെ ബാനർജി വിജയത്തിലേക്ക് നയിച്ചിരുന്നു.