പഞ്ചാബ് മുഖ്യമന്ത്രിയുടെ അനന്തരവന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്

Wednesday 19 January 2022 1:15 AM IST

ന്യൂഡൽഹി: അനധികൃത ഖനനവുമായി ബന്ധപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ അനന്തരവൻ ഭൂപീന്ദൻ സിംഗ് ഹണിയുടെ മൊഹാലിയിലെ ഹോംലാന്റ്സ് ഹൈറ്റ്സ് സമുച്ചയത്തിലെ ഫ്ലാറ്റിലുൾപ്പെടെ 10 സ്ഥലങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തി. അടുത്ത മാസം 20 ന് പഞ്ചാബിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയ്ക്കെതിരെ കോൺഗ്രസ് വിമർശനവുമായി രംഗത്തെത്തി.

സംസ്ഥാന ഖനന വകുപ്പ് 2018 ൽ ഷഹീദ് ഭഗത്‌സിംഗ് നഗറിലെ റഹോൺ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ 26 പ്രതികളെ ചേർത്ത് കേസ് എടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് കളളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതിനാണ് ഇ. ഡി കേസ് എടുത്തത്. അനധികൃത ഖനന കേസിലെ മുഖ്യപ്രതികളിലൊരാളായ കുദ്രദീപ് സിംഗ്, മുഖ്യമന്ത്രിയുടെ അനന്തിരവനായ ഭൂപീന്ദർ സിംഗ് ഹണി, സന്ദീപ് സിംഗ് എന്നിവർ ഡയറക്ടർമാരായി പുതിയ കമ്പനികൾ രൂപീകരിച്ചതായും അനധികൃത ഖനനത്തിലെ വരുമാനം ഈ കമ്പനികളിലേക്ക് കൈമാറ്റം ചെയ്തതായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ കണ്ടെത്തി. കുൽദീപ് സിംഗിനെ കൂടാതെ മറ്റ് കരാറുകാരുടെയും പങ്കാളിത്തം കണ്ടെത്തിയതിനെ തുടർന്ന് 6 കരാറുകാർക്കെതിരെയും ഇ.ഡി അന്വേഷണം നടക്കുന്നുണ്ട്.

ഇ.ഡി യുടെ റെയ്ഡ് തിരഞ്ഞെടുപ്പ് ഗിമ്മിക്കാണെന്നും ഇ.ഡി, ഐ.ടി, സി.ബി.ഐ എന്നിവ ബി.ജെ.പി സർക്കാരിന്റെ ഉപകരണങ്ങളായി മാറിയെന്നും കോൺഗ്രസിന്റെ പഞ്ചാബ് മീഡിയ കോ-ഓർഡിനേറ്റർ അൽക്കാ ലാംബ പറഞ്ഞു.

Advertisement
Advertisement