ലക്ഷദ്വീപിൽ പുതിയ കൃഷി പാഠം; ചട്ടിക്കൃഷിക്ക് തുടക്കം

Tuesday 18 January 2022 11:08 PM IST

തൃശൂർ: ഉത്സാഹവും പരിശ്രമവുമുണ്ടെങ്കിൽ ആവശ്യമായ പച്ചക്കറി വീട്ടിൽ ഉണ്ടാക്കാമെന്ന കൃഷിപാഠം ലക്ഷദ്വീപ് നിവാസികൾക്ക് പകർന്നു കൊടുത്ത് തൃശൂരിലെ ശാസ്ത്രജ്ഞർ. ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചർ റിസർച്ചിന് കീഴിലുള്ള പ്‌ളാന്റ് ജെനറ്റിക്‌സിലെ ശാസ്ത്രജ്ഞരാണ് പച്ചക്കറിക്കൃഷിയിൽ ലക്ഷദ്വീപിനെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതി നടപ്പാക്കിയത്.

ലക്ഷദ്വീപിൽ പച്ചക്കറി, പഴവർഗ്ഗങ്ങളുടെ ആളോഹരി ലഭ്യതയും ഉപയോഗവും വളരെ കുറവാണ്. ഇത് വർദ്ധിപ്പിക്കാനാണ് കാർഷിക ഗവേഷണ കൗൺസിലിന്റെ ട്രൈബൽ സബ് പ്‌ളാനിൽ ഉൾപ്പെടുത്തി ലക്ഷദ്വീപിലെ കൃഷി വിജ്ഞാന കേന്ദ്രവുമായി സഹകരിച്ച് അഗത്തിയിലും കവരത്തിയിലും പദ്ധതി തുടങ്ങിയത്. ദ്വീപ് ശ്രീ വനിതാ കൂട്ടായ്മ, ജവഹർ ക്‌ളബ് എന്നിവയുടെ സഹകരണത്തോടെ രണ്ട് ദിവസങ്ങളിലായി വനിതകളും യുവാക്കളുമടങ്ങുന്ന 50 പേർക്ക് പരിശീലനം നൽകി. വിത്ത്, ജൈവ വളം, ജൈവ കീടനാശിനി എന്നിവ സൗജന്യമായി വിതരണം ചെയ്തു.

പ്‌ളാസ്റ്റിക്കിന് പകരം ടയർ പോട്ടുകൾ

വീടുകളിലും മറ്റും ലഭ്യമായ സ്ഥലം പരമാവധി പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരിസ്ഥിതി ലോല പ്രദേശമായതിനാൽ പ്‌ളാസ്റ്റിക് ചട്ടികളോ ഗ്രോ ബാഗോ പറ്റില്ല. പകരം ടയർ കൊണ്ടുണ്ടാക്കിയ ചട്ടികൾ (ടയർ പോട്ട്) നൽകി. കുറച്ച് സ്ഥലത്ത് നട്ടു നനച്ച് കൂടുതൽ കാലം ഉപയോഗിക്കാവുന്ന ചട്ടികൾ ഒരാൾക്ക് 10 എണ്ണം വീതം നൽകി. കവരത്തി കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ആനന്ദ്, വെള്ളാനിക്കര ഐ.സി.എ.ആർ എൻ.ബി.പി.ജി.ആർ ശാസ്ത്രജ്ഞരായ ഡോ.എം.ലത, ഡോ.കെ.ജോസഫ് ജോൺ, ഡോ.കെ.പ്രദീപ്, ഡോ.എ.സുമ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement