ഐ.എൻ.എസ് രൺവീറിൽ പൊട്ടിത്തെറി, മൂന്ന് നാവികർക്ക് വീരമൃത്യു

Wednesday 19 January 2022 1:40 AM IST

മുംബയ് : മുംബയ് നേവൽ ഡോക്ക്‌ യാർഡിൽ ഐ.എൻ.എസ് രൺവീർ യുദ്ധക്കപ്പലിന്റെ ഇന്റേണൽ കംപാർട്ട്മെന്റിനുള്ളിൽ പൊട്ടിത്തെറിയിൽ മൂന്ന് നാവിക സേനാംഗങ്ങൾക്ക് വീരമൃത്യു. 11 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇവരെ നാവികസേനാ ആശുപത്രിയിലേക്ക് മാറ്റി. അപകട കാരണം വ്യക്തമല്ല. ഇന്നലെ വൈകിട്ടോടെയാണ് അപകടം. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് നാവിക സേനാവൃത്തങ്ങൾ അറിയിച്ചു. മരിച്ച നാവികവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

രജ്പുത് ക്ലാസ് മിസൈൽവേധ യുദ്ധക്കപ്പലുകളിൽ അഞ്ചെണ്ണത്തിൽ നാലാമത്തേതായ ഐ.എൻ.എസ് രൺവീർ 1986ലാണ് ഇന്ത്യൻ നാവികസേനയുടെ ഭാഗമായത്. അപകടത്തിൽ നാവികസേന അന്വേഷണം ആരംഭിച്ചു. 2021 നവംബർ മുതൽ കിഴക്കൻ നേവൽ കമാൻഡിൽ നിന്നുള്ള ക്രോസ് - കോസ്റ്റ് ഓപ്പറേഷന്റെ ഭാഗമായി വിന്യസിക്കപ്പെട്ടിരുന്ന ഐ.എൻ.എസ് രൺവീർ ബേസ് പോർട്ടിലേക്ക് ഉടൻ മടങ്ങാനിരിക്കെയാണ് അപകടം. ആയുധങ്ങളോ യുദ്ധസാമഗ്രികളുമായോ സ്ഫോടനത്തിന് ബന്ധമില്ലെന്നാണ് വിവരം. കപ്പലിന് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടില്ലെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ നിർണായകമായ ഒട്ടനവധി നീക്കങ്ങളിൽ പങ്കാളിയായ കപ്പലാണ് ഐ.എൻ.എസ് രൺവീർ.