മത്സ്യബന്ധന വള്ളങ്ങളുടെ മണ്ണെണ്ണ പെർമിറ്റിൽ പരാതിയുടെ അലയടി

Wednesday 19 January 2022 12:52 AM IST

ആലപ്പുഴ : മത്സ്യബന്ധനയാനങ്ങളുടെ മണ്ണെണ്ണ പെർമിറ്റ് പരിശോധന സംബന്ധിച്ച് തീരപ്രദേശത്ത് പരാതി അലയടിക്കുന്നു. ഏഴ് വർഷമായി മുടങ്ങിക്കിടന്ന പരിശോധന കൊവിഡിന്റെ പേരിൽ വീണ്ടും നിറുത്തിവെച്ചത് മണ്ണെണ്ണ മാഫിയയെ സഹായിക്കാനാണെന്നാണ് ആക്ഷേപം. 10 വർഷത്തിലധികം പഴക്കമുള്ള എൻജിനുകൾക്ക് പെർമിറ്റ് അനുവദിക്കേണ്ടതില്ലെന്ന ഫിഷറീസ് വകുപ്പിന്റെ തീരുമാനമാണ് തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നത്. 2015 മാർച്ച് എട്ടിനാണ് മത്സ്യബന്ധന വള്ളങ്ങൾക്ക് അവസാനമായി പെർമിറ്റ് അനുവദിക്കുന്നതിനായി സംയുക്ത പരിശോധന നടന്നത്. 3 വർഷം കൂടുമ്പോൾ ഫിഷറീസ്, മത്സ്യഫെഡ്, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ വള്ളവും എൻജിനും നേരിൽ കണ്ട് ബോദ്ധ്യപ്പെട്ട് പെർമിറ്റ് അനുവദിക്കണമെന്നാണ് നിയമം. പുതിയ നിയമപ്രകാരം 50 ശതമാനം വള്ളങ്ങളും പരിശോധനയിൽ പെർമിറ്റിന് പുറത്ത് പോകും.

60ൽ ഔട്ട്

പെൻഷൻ പ്രായമായവർക്ക് പെർമിറ്റ് നൽകേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. മത്സ്യബന്ധന മേഖലയിൽ തൊഴിലെടുക്കുന്ന ഭൂരിപക്ഷവും അറുപത് പിന്നിട്ടവരാണ്. തൊഴിലാളികളെ പരിഗണിക്കാതെയുള്ള തീരുമാനം ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ട്.

സബ്സിഡി തുച്ഛം

പ്രതിമാസം 1500 ലിറ്റർ മണ്ണെണ്ണ വരെ വേണ്ടി വരുമ്പോൾ സബ്സിഡി അടി​സ്ഥാനത്തി​ൽ ലഭി​ക്കുന്ന മണ്ണെണ്ണ അഞ്ച് ദിവസം പോലും ഉപയോഗിക്കാൻ തികയില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. എൻജി​നുകളുടെ കുതി​ര ശക്തി​ക്കനുസരി​ച്ച് 200 മുതൽ 600 ലിറ്റർ വരെ മണ്ണെണ്ണയാണ് ഒരു മാസം സബ്സിഡി വിലയിൽ ലഭിക്കുന്നത്.വള്ളം ഉടമകളുടെ കൈയിൽ നിന്ന് പെർമിറ്റ് സ്വന്തമാക്കുന്ന ഇടനിലക്കാർ ഇതേ മണ്ണെണ്ണ കരിഞ്ചന്തയിൽ വിൽക്കുകയാണെന്ന് തൊഴിലാളി സംഘടനകൾ ആക്ഷേപം ഉന്നയിക്കുന്നു.

കരിഞ്ചന്തയിൽ കൊള്ളയടി

₹20 : സബ്സിഡി മണ്ണെണ്ണയ്ക്ക് ലിറ്ററിന് വില

₹50 : കരി​ഞ്ചന്തയി​ൽ ഒരു ലി​റ്റർ മണ്ണെണ്ണയ്ക്ക്

1. വർഷത്തിൽ നിശ്ചിത ദിവസം പരിശോധന എന്നത് മാറ്റണം

2. വള്ളവും എൻജിനും വാങ്ങുന്നത് എപ്പോഴും നടക്കുന്നതാണ്

3. വള്ളവും എൻജിനും ഇറക്കുമ്പോൾ പരിശോധനയ്ക്ക് സൗകര്യം വേണം
4. വകുപ്പുകൾ ഉപകരണങ്ങൾ കണ്ട് ബോദ്ധ്യപ്പെട്ട് പെർമിറ്റ് നൽകണം

കൊവിഡിന്റെ പേരിൽ പരിശോധന മാറ്റിവച്ചത് മണ്ണെണ്ണ കരിഞ്ചന്തക്കാരെ സഹായിക്കാനാണ്. 10 വർഷത്തിനുമേൽ പഴക്കമുള്ള എൻജിനുകൾക്കു പെർമിറ്റ് നൽകുന്നില്ല. ഏഴു വർഷം മുമ്പ് വാങ്ങിയ എൻജിന് ഇപ്പോഴത്തെ അവസ്ഥയിൽ 3 വർഷം മാത്രമേ പെർമിറ്റ് കിട്ടുകയുളളൂ. ഇത് നീതീകരിക്കാനാകില്ല. കൊവിഡ് മാനദണ്ഡത്തിന് വിധേയമായി പരിശോധന വേഗത്തിൽ നടത്തണം

- അനിൽ.ബി.കളത്തിൽ, സംസ്ഥാന പ്രസിഡന്റ്,

അഖില കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (യു.ടി.യു.സി)

Advertisement
Advertisement